എമിറേറ്റിലെ വിസ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ഒരു പ്രത്യേക ഫോറം സംഘടിപ്പിച്ചു. ‘ഗസ്റ്റ് ഓഫ് ദ ഡയറക്ടർ കസ്റ്റമർ ഫോറം’ എന്ന് പേരിട്ട ഈ പരിപാടിയിലൂടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ നിർദ്ദേശങ്ങൾ നേരിട്ട് കേട്ട് വിസ സേവനങ്ങൾ വികസിപ്പിക്കാനാണ് GDRFA ശ്രമിക്കുന്നത്.
എൻട്രി ആൻഡ് റെസിഡൻസി പെർമിറ്റ് സെക്ടർ അസി. ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഖലഫ് അഹമ്മദ് അൽ ഗൈത്തിന്റെ മേൽനോട്ടത്തിലാണ് ഫോറം നടന്നത്. മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യ വിഭാഗക്കാർ, യൂണിവേഴ്സിറ്റി വിദ്യാർഥികൾ, ആമർ സേവന കേന്ദ്രങ്ങളുടെ ഉടമകൾ തുടങ്ങി നിരവധി ഉപയോക്താക്കൾ പരിപാടിയിൽ പങ്കെടുത്തു. ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ ശ്രദ്ധയോടെ കേൾക്കാനായി പ്രത്യേക സെഷനുകൾ ഫോറത്തിൽ ഒരുക്കിയിരുന്നു. നിലവിലെ സേവനങ്ങൾ പ്രദർശിപ്പിക്കുകയും ഉപഭോക്താക്കളുടെ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിൽ അവ കൂടുതൽ മെച്ചപ്പെടുത്താനും ലളിതമാക്കാനും വേണ്ട വഴികൾ ചർച്ച ചെയ്യുകയും ചെയ്തു.
സ്‌പോൺസർഷിപ്പ് ഫയലുകൾ തുറക്കൽ, റെസിഡൻസി പെർമിറ്റുകൾ പുതുക്കൽ, പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ തുടങ്ങിയ പ്രധാനപ്പെട്ട വിസ സേവനങ്ങളിൽ ഈ മാറ്റങ്ങൾ പ്രതിഫലിക്കും.GDRFA യുടെ ഈ പുതിയ നീക്കം ദുബൈയിലെ വിസ നടപടിക്രമങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

