അബൂദബിയിൽ ഡ്രൈവറില്ലാ ടാക്സികളുടെ സർവീസ് ആരംഭിച്ചു; ആദ്യഘട്ടം യാസ് ഐലൻഡിൽ

പൂർണ്ണമായും ഡ്രൈവറുടെ സാന്നിധ്യമില്ലാതെ പ്രവർത്തിക്കുന്ന ഓട്ടോണമസ് റോബോടാക്സി സർവീസ് അബൂദബിയിൽ പൊതുജനങ്ങൾക്കായി ആരംഭിച്ചു. രണ്ടാഴ്ച നീണ്ടുനിന്ന സ്വകാര്യ ട്രയലുകൾക്ക് ശേഷമാണ് ഈ സേവനം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ യാസ് ഐലൻഡിലാണ് സർവീസ് ലഭ്യമാവുക.

അമേരിക്കയ്ക്ക് പുറത്ത് ഈ സേവനം ആരംഭിക്കുന്ന ലോകത്തിലെ ആദ്യ നഗരമാണ് അബൂദബി. ഊബർ ടെക്നോളജീസും ചൈനീസ് കമ്പനിയായ വീറൈഡും ചേർന്നാണ് ഈ സംയുക്ത സർവീസ് നടത്തുന്നത്. ലെവൽ 4 ഓട്ടോണമസ് സാങ്കേതികവിദ്യയാണ് വാഹനങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്. അംഗീകൃത മേഖലകളിൽ മനുഷ്യ ഇടപെടലുകളില്ലാതെ തന്നെ എല്ലാ ഡ്രൈവിംഗ് ജോലികളും വാഹനം സ്വയം നിർവഹിക്കും. എങ്കിലും, സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം വാഹനം സ്വയം വശത്തേക്ക് മാറ്റി നിർത്താനുള്ള സംവിധാനവും ആവശ്യമെങ്കിൽ മാനുവലായി നിയന്ത്രണം ഏറ്റെടുക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ഊബർ ആപ്പിലൂടെ ഊബർ കംഫർട്ട്, ഊബർ എക്സ് വിഭാഗങ്ങളിലായി റോബോടാക്സി ബുക്ക് ചെയ്യാം. ലോകത്ത് ആദ്യമായി ഊബർ ആപ്പിൽ ഓട്ടോണമസ് വിഭാഗം ആരംഭിച്ച നഗരം എന്ന പ്രത്യേകതയും അബൂദബി സ്വന്തമാക്കി. വാണിജ്യപരമായ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ മാസം തന്നെ പൂർണ്ണ ഡ്രൈവർ രഹിത റോബോടാക്സിക്കുള്ള ഫെഡറൽ അനുമതി വീറൈഡിന് ലഭിച്ചിരുന്നു. 2025 അവസാനത്തോടെ അബൂദബി നഗരത്തിന്റെ കൂടുതൽ പ്രദേശങ്ങളിലേക്ക് ഈ സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി. നിലവിൽ മിഡിൽ ഈസ്റ്റിൽ 100-ൽ അധികം റോബോടാക്സികൾ വീറൈഡ് പ്രവർത്തിപ്പിക്കുന്നുണ്ട്. 2023-ൽ യുഎഇയിൽ എല്ലാ തരം സ്വയം ഡ്രൈവിംഗ് വാഹനങ്ങൾക്കും ദേശീയ ലൈസൻസ് ലഭിച്ച ആദ്യ കമ്പനിയും വീറൈഡ് ആണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply