മദീന ബസ്സപകടം: 46 പേരെ ഖബറടക്കി

മദീനയിലുണ്ടായ ബസ്സപകടത്തിൽ മരിച്ച 46 പേരുടെ ഖബറടക്കം മദീനയിൽ പൂർത്തിയായി. ഉംറ തീർത്ഥാടനത്തിനെത്തിയവരിൽ ഹൈദരാബാദ് സ്വദേശികളടക്കമുള്ള 45 പേരുടെ മൃതദേഹമാണ് ജന്നത്തുൽ ബഖീഇൽ ഖബറടക്കിയത്. മദീന പ്രവാചക പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് പുറമെ സൗദി മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തു.

മക്കയിൽ നിന്ന് ഉംറ തീർത്ഥാടകരുമായി പുറപ്പെട്ട ബസ്, ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. കൂട്ടിയിടിച്ച ഉടൻ തന്നെ തീ പടർന്നുപിടിച്ചതാണ് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചത്. ഹൈദരാബാദ് രാംനഗർ സ്വദേശിയായ നസീറുദ്ദീനടക്കം ഒരു കുടുംബത്തിലെ 18 പേർ ഈ അപകടത്തിൽ മരണമടഞ്ഞിരുന്നു.

അതേസമയം, അത്ഭുതകരമായി ഒരാൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. 25 വയസ്സുള്ള അബ്ദുൽ ശുഐബ് മുഹമ്മദാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തെ തുടർ ചികിത്സകൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ബദ്റിനും മദീനയ്ക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് ഈ ദാരുണമായ അപകടം നടന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply