ദുബായ്ക്ക് പിന്നാലെ ഷാർജയിലും ഇടതുലൈനിൽ ബൈക്കുകൾക്ക് വിലക്ക്

ഷാർജ എമിറേറ്റിൽ മോട്ടോർ സൈക്കിളുകൾക്ക്, പ്രത്യേകിച്ച് ഡെലിവറി റൈഡർമാർക്ക് റോഡുകളിലെ ഇടത് ലൈനുകളിൽ സഞ്ചരിക്കുന്നതിന് ഷാർജ പോലീസ് വിലക്കേർപ്പെടുത്തി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നവംബർ 1 മുതൽ നിയമം നിലവിൽ വരും.

പുതിയ നിയമം അനുസരിച്ച് നാലു വരി പാതകളിൽ ബൈക്കുകൾ വലതുവശത്തെ മൂന്നാമത്തെ അല്ലെങ്കിൽ നാലാമത്തെ ലൈനുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. മൂന്ന് വരി പാതകളിൽ വലതുവശത്തെ ലൈനുകൾ മാത്രം ഉപയോഗിക്കണം. ബസുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ വലതുവശത്തെ അവസാന ലൈനുകൾ ഉപയോഗിക്കണം.നിയമം ലംഘിക്കുന്നവർക്ക് 1500 ദിർഹം പിഴയും ലൈസൻസിൽ 12 ബ്ലാക്ക് പോയിന്റുകളും ചുമത്തും.ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് 500 ദിർഹമാണ് പിഴ.സ്മാർട്ട് റഡാറുകളും കാമറകളും ഉപയോഗിച്ച് മുഴുവൻ സമയ നിരീക്ഷണവും ഉണ്ടാകും.

കഴിഞ്ഞ ദിവസം ദുബൈയും അതിവേഗ ലൈനുകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അഞ്ച് ലൈൻ പാതകളിൽ ഇടത് ഭാഗത്തുള്ള രണ്ട് ലൈനുകളിലാണ് ബൈക്ക് റൈഡർമാർക്ക് വിലക്ക്. നവംബർ ഒന്നു മുതൽ ദുബൈയിലും നിയമം പ്രാബല്യത്തിൽ വരും. അബൂദബിയിൽ 100 കിലോമീറ്ററോ അതിനു മുകളിലോ വേഗമുള്ള അഞ്ചുവരിയോ അതിനു മുകളിലോ ഉള്ള പാതകളിൽ ഡെലിവറി ബൈക്കുകൾ വലതുലൈനുകൾ മാത്രം ഉപയോഗിക്കണമെന്നാണ് നിർദേശം. അജ്മാനിൽ മൂന്ന്-നാല് വരി പാതകളിൽ വലതു വശത്തെ രണ്ട് ലൈനുകൾ മാത്രം ഉപയോഗിക്കണം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply