യുഎഇയുടെ ആകാശത്ത് ബീവർ സൂപ്പർമൂൺ വിരുന്നൊരുക്കും

ഈ വർഷത്തെ അവസാനത്തെയും വലുതുമായ സൂപ്പർമൂൺ ആയ ‘ബീവർ മൂൺ’ യുഎഇയുടെ ആകാശത്ത് ദൃശ്യമാകും. സാധാരണ പൂർണ്ണചന്ദ്രനെക്കാൾ വലുതും തിളക്കമുള്ളതുമായ ഈ കാഴ്ച നവംബർ 5-ന് സൂര്യാസ്തമയത്തിന് ശേഷം അതിന്റെ പൂർണ്ണതയിൽ എത്തും.

എന്താണ് സൂപ്പർമൂൺ?

ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനമായ ‘പെരിജി‘യിൽ എത്തുകയും അപ്പോൾത്തന്നെ പൂർണ്ണചന്ദ്രനായി കാണപ്പെടുകയും ചെയ്യുമ്പോഴാണ് സൂപ്പർമൂൺ പ്രതിഭാസം ഉണ്ടാകുന്നത്. ഈ സമയത്ത് ചന്ദ്രന് സാധാരണ പൂർണ്ണചന്ദ്രനെക്കാൾ 14% വരെ വലുപ്പവും 30% വരെ പ്രകാശവും ഉണ്ടാകും.

‘ബീവർ മൂൺ’ എന്ന് പേരുവന്നതെങ്ങനെ?

നൂറ്റാണ്ടുകൾക്ക് മുമ്പ് തദ്ദേശീയരായ അമേരിക്കൻ ഗോത്രങ്ങൾ നിരീക്ഷിച്ച സീസണൽ സൂചനകളിൽ നിന്നാണ് ‘ബീവർ മൂൺ’ എന്ന പേര് വന്നത്. നവംബർ മാസമാണ് ബീവറുകൾ (നീർനായകൾ) തണുപ്പുകാലത്തിനായി ഒരുങ്ങുന്നതും, അണക്കെട്ടുകൾ നന്നാക്കുന്നതും. മഞ്ഞ് വീഴുന്നതിന് മുമ്പ് ജനങ്ങൾ നീർനായകളെ പിടിക്കാൻ കെണികൾ സ്ഥാപിച്ചിരുന്ന സമയമായതിനാലാണ് ഈ പൂർണ്ണചന്ദ്രന് ഈ പേര് ലഭിച്ചത്. ‘ഫ്രോസ്റ്റ് മൂൺ’ എന്നും ഇതിനെ വിളിക്കാറുണ്ട്.

യുഎഇയിൽ സൂപ്പർമൂൺ കാണാൻ പറ്റിയ സ്ഥലങ്ങൾ

പ്രകാശമലിനീകരണം കുറഞ്ഞ പ്രദേശങ്ങളാണ് സൂപ്പർമൂൺ കാഴ്ചയ്ക്ക് ഏറ്റവും മികച്ചത്:

ദുബൈ: അൽ ഖുദ്ര തടാകം (Al Qudra Lake), അൽ അവിർ സെക്കൻഡ് പാർക്ക് (ദുബൈ അസ്‌ട്രോണമി ഗ്രൂപ്പിന്റെ നിരീക്ഷണ പരിപാടി ഇവിടെയുണ്ട്).

അബൂദബി: അൽ സദീം ഒബ്‌സർവേറ്ററി (Al Sadeem Observatory) – ചന്ദ്രനിലെ ഗർത്തങ്ങൾ അടുത്തറിയാൻ ഇത് സഹായിക്കും.

റാസ് അൽ ഖൈമ: യുഎഇയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ജെബൽ ജൈസ് (Jebel Jais).

ഹത്ത: ഹജാർ പർവതനിരകൾ (The Hajar Mountains) – ഇവിടെ പ്രകാശ മലിനീകരണം വളരെ കുറവാണ്.

ഈ കാഴ്ച നന്നായി ആസ്വദിക്കാൻ ദൂരദർശിനിയോ ബൈനോക്കുലറോ ഉപയോഗിക്കുന്നത് കൂടുതൽ സഹായകമായേക്കാം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply