50 വയസ്സ് കഴിഞ്ഞ സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ജോലി സമയം കുറയും, അവധി കൂടും

ബഹ്‌റൈനിലെ 50 വയസ്സും അതിനു മുകളിലും പ്രായമുള്ള സിവിൽ സർവീസ് ജീവനക്കാർക്ക് ജോലി സമയം കുറയ്ക്കാനും വാർഷിക അവധി വർദ്ധിപ്പിക്കാനുമുള്ള കരട് നിയമത്തിന് പാർലമെന്റ് അംഗീകാരം നൽകി. പുതിയ ഭേദഗതി പ്രകാരം പ്രായത്തിനനുസരിച്ച് ജോലി സമയത്തിൽ ഒരു മണിക്കൂർ മുതൽ മൂന്ന് മണിക്കൂർ വരെ കുറവ് ലഭിക്കും. അതോടൊപ്പം വാർഷിക അവധി 45 ദിവസം വരെയായി വർദ്ധിപ്പിക്കാനും നിയമം വിഭാവനം ചെയ്യുന്നു. സർക്കാരിന്റെ ചില എതിർപ്പുകൾക്കിടയിലും പാസാക്കിയ ഈ ബിൽ ഇനി ശൂറ കൗൺസിലിന്റെ പരിഗണനയ്ക്ക് അയക്കും.

പുതിയ തീരുമാനപ്രകാരം 50 വയസ്സുള്ളവർക്ക് ജോലി സമയത്തിൽ ഒരു മണിക്കൂറും, 55 വയസ്സുള്ളവർക്ക് രണ്ട് മണിക്കൂറും, 60 വയസ്സ് കഴിഞ്ഞവർക്ക് മൂന്ന് മണിക്കൂറുമാണ് ഇളവ് ലഭിക്കുക. വാർഷിക അവധിയുടെ കാര്യത്തിലും സമാനമായ മാറ്റങ്ങളുണ്ട്. 50 വയസ്സായവർക്ക് 35 പ്രവൃത്തി ദിനങ്ങളും, 55 വയസ്സുള്ളവർക്ക് 40 ദിവസവും, 60 വയസ്സ് കഴിഞ്ഞവർക്ക് 45 ദിവസവും വാർഷിക അവധി ലഭിക്കും. അതേസമയം, 50 വയസ്സിന് താഴെയുള്ളവർക്ക് നിലവിലുള്ള 30 പ്രവൃത്തി ദിനങ്ങളുടെ അവധി തുടരും.

എന്നാൽ, ഒരേ തസ്തികയിൽ ജോലി ചെയ്യുന്നവർക്കിടയിൽ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം ഉണ്ടാകുമെന്നും ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജോലി സമയം കുറയുന്നത് പൊതുജന സേവനങ്ങളെ ബാധിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോയും മുന്നറിയിപ്പ് നൽകി. എങ്കിലും മുതിർന്ന ജീവനക്കാരുടെ ആരോഗ്യവും സേവനവും പരിഗണിച്ച് അവർക്ക് അർഹമായ വിശ്രമം നൽകണമെന്ന നിലപാടിലാണ് പാർലമെന്റ് ഈ നീക്കവുമായി മുന്നോട്ട് പോകുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply