മോശം കാലാവസ്ഥ: ബഹ്‌റൈൻ-ഖത്തർ ഫെറി സർവീസ് താൽക്കാലികമായി നിർത്തിവെച്ചു

ബഹ്‌റൈനും ഖത്തറിനും ഇടയിലുള്ള പുതിയ ഫെറി സർവീസ് മോശം കാലാവസ്ഥയെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. പുതിയ സർവീസ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായി സർവീസ് റദ്ദാക്കിയത്. മുഹറഖിലെ സആദ മറീനയെയും ഖത്തറിലെ അൽ റുവൈസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന ഫെറി സർവീസാണ് നിലവിൽ നിർത്തിവെച്ചിരിക്കുന്നത്.

നവംബറിലെ ആദ്യ വാരം ആരംഭിച്ച ഈ സർവീസ്, രണ്ട് ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള ആദ്യത്തെ അന്താരാഷ്ട്ര യാത്രാ കടൽ ലിങ്ക് എന്ന പ്രത്യേകതകൊണ്ട് ശ്രദ്ധ നേടിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാനായി ഉപയോഗിക്കുന്ന മസാർ മൊബൈൽ ആപ്ലിക്കേഷനിൽ നിലവിൽ ട്രിപ്പുകളൊന്നും ലിസ്റ്റ് ചെയ്തിട്ടില്ല. മോശം കാലാവസ്ഥയെ തുടർന്നാണ് ട്രിപ്പുകൾ താൽക്കാലികമായി നിർത്തിവെച്ചതെന്ന് കസ്റ്റമർ സർവീസ് ഏജന്റുമാർ അറിയിച്ചു.

സുരക്ഷിതമായ സാഹചര്യം വന്നാൽ സർവീസുകൾ വീണ്ടും പുനരാരംഭിക്കുമെന്നും അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ ഈ താൽക്കാലിക നിർത്തിവെക്കൽ തുടരുമെന്നും അവർ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾക്കിടയിൽ കടൽ വഴിയുള്ള യാത്ര ആസൂത്രണം ചെയ്ത സഞ്ചാരികൾക്ക് ഈ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply