ലോകത്തിലെ മികച്ച സാംസ്കാരിക ടൂറിസം പദ്ധതിയായി സൗദിയിലെ അൽ-ഉല; വേൾഡ് ട്രാവൽ അവാർഡ്‌സിൽ സുപ്രധാന നേട്ടം

സൗദി അറേബ്യയിലെ ചരിത്രപ്രസിദ്ധമായ അൽ-ഉല ഗവർണറേറ്റ്, 2025-ലെ ലോകത്തിലെ ഏറ്റവും മികച്ച സാംസ്കാരിക ടൂറിസം പദ്ധതിയായി തിരഞ്ഞെടുക്കപ്പെട്ടു. ആഗോള ടൂറിസം മേഖലയിലെ ഏറ്റവും പ്രശസ്തമായ വേൾഡ് ട്രാവൽ അവാർഡ്‌സിൽ (World Travel Awards) നിന്നാണ് അൽ-ഉല ഈ സുപ്രധാന നേട്ടം സ്വന്തമാക്കിയത്. അന്താരാഷ്ട്ര വിദഗ്ധർ, ടൂർ ഓപ്പറേറ്റർമാർ, മുതിർന്ന എക്സിക്യൂട്ടീവുകൾ എന്നിവരടങ്ങിയ പാനലിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് അൽ-ഉല ഈ വാർഷിക പുരസ്കാരം നേടിയത്.

ഈ വർഷം വേൾഡ് ട്രാവൽ അവാർഡ്‌സിന്റെ മിഡിൽ ഈസ്റ്റ് എഡിഷനിൽ മൂന്ന് പ്രാദേശിക പുരസ്കാരങ്ങളും അൽ-ഉല നേടിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ മികച്ച സാംസ്കാരിക ടൂറിസം പദ്ധതി, മിഡിൽ ഈസ്റ്റിലെ മികച്ച ഇവന്റുകളും ഫെസ്റ്റിവലുകളും സംഘടിപ്പിച്ചയിടം, രാജ്യത്തെ മുൻനിര സാംസ്കാരിക ടൂറിസം പദ്ധതി എന്നിവയാണവ.

2 ലക്ഷത്തിലധികം വർഷത്തെ മാനവ വാസത്തിന്റെയും 7,000 വർഷത്തെ തുടർച്ചയായ നാഗരികതകളുടെയും ചരിത്രം ഉൾക്കൊള്ളുന്നതാണ് അൽ-ഉല. ആകർഷകമായ പ്രകൃതി സൗന്ദര്യം, ഊഷ്മളമായ ആതിഥ്യം, വർഷം മുഴുവൻ നടക്കുന്ന “അൽ ഉല മൊമന്റ്സ്” പരിപാടിയിലെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ, ഫെസ്റ്റിവലുകൾ, കലാ പ്രദർശനങ്ങൾ, സംഗീത പരിപാടികൾ എന്നിവയിലൂടെ അൽ-ഉല ഈ ചരിത്രത്തെ ആഗോള സഞ്ചാരികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നു. യൂറോപ്പിൽ നിന്നടക്കം നിരവധി സന്ദർശകരാണ് ഓരോ ദിവസവും അൽ-ഉലയുടെ സൗന്ദര്യം ആസ്വദിക്കാൻ സൗദിയിൽ എത്തുന്നത്. 1993-ൽ സ്ഥാപിതമായ വേൾഡ് ട്രാവൽ അവാർഡ്‌സ്, യാത്രാ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മികവിനെ ആദരിക്കുന്ന ആഗോള വേദിയാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply