ദുബായ് നഗരത്തിൽ 633 ദശലക്ഷം ദിർഹം ചെലവിൽ പുതിയ റോഡ് വികസന പദ്ധതി പ്രഖ്യാപിച്ചു. വേൾഡ് ട്രേഡ് സെന്ററിനും ഫിനാൻഷ്യൽ സെന്ററിനും സമീപത്തായി പാലങ്ങളും ടണലുകളും ഉൾപ്പെടുത്തിയാണ് ഈ വലിയ പദ്ധതി നടപ്പാക്കുന്നത്.
ദുബായ് ഫ്യൂച്ചർ മ്യൂസിയം, മിക്ക ദിവസങ്ങളിലും അന്താരാഷ്ട്ര പ്രദർശനങ്ങളും സമ്മേളനങ്ങളും നടക്കുന്ന ദുബായ് വേൾഡ് ട്രേഡ് സെന്റർ, ധനകാര്യ സ്ഥാപനങ്ങളുടെ കേന്ദ്രമായ ദുബായ് ഫിനാൻഷ്യൽ സെന്റർ എന്നിവിടങ്ങളിലേക്ക് പോകുന്ന അൽ മുസ്തഖ്ബൽ സ്ട്രീറ്റാണ് 633 ദശലക്ഷം ദിർഹം മുടക്കി വികസിപ്പിക്കുന്നത്. പലപ്പോഴും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഈ മേഖലയിലെ ഗതാഗതം സുഗമമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി 1200 മീറ്റർ നീളമുള്ള മൂന്ന് ടണലുകളും 450 മീറ്റർ നീളമുള്ള ഒരു മേൽപ്പാലവും നിർമ്മിക്കും. ദേരയിലേക്ക് നീളുന്ന മൂന്ന് ലൈനുകളുള്ള ഇടനാഴിയിലൂടെ മണിക്കൂറിൽ 4,500 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. ദേരയെയും ജബൽ അലിയെയും ബന്ധിപ്പിക്കുന്ന രണ്ട് വരിയുള്ള ടണലിന് മണിക്കൂറിൽ 3,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയും. ഒറ്റവരിയുള്ള മറ്റൊരു ടണലിന് മണിക്കൂറിൽ 1,500 വാഹനങ്ങളെ ഉൾക്കൊള്ളാൻ സാധിക്കും. അൽ മുസ്തഖ്ബൽ സ്ട്രീറ്റിൽ 3.5 കിലോമീറ്റർ റോഡ് വികസിപ്പിക്കും. ഇരുവശത്തേക്കുമുള്ള റോഡ് മൂന്ന് വരികളിൽ നിന്ന് നാല് വരികളാക്കും. പ്രധാന ഇന്റർസെക്ഷനുകളിൽ റാമ്പുകളും നിർമ്മിക്കും. പദ്ധതി പൂർത്തിയാകുമ്പോൾ ഈ മേഖലയിലെ യാത്രാ സമയം 13 മിനിറ്റിൽ നിന്ന് ആറ് മിനിറ്റായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

