സാംസ്‌കാരിക രംഗത്തെ ഒരു പ്രധാന നാഴികക്കല്ല് രേഖപ്പെടുത്തിക്കൊണ്ട് ഈ വർഷം അബൂദബിയിൽ രണ്ട് പുതിയ മ്യൂസിയങ്ങൾ തുറക്കും. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം നവംബർ 22-ന് സഅദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിൽ സന്ദർശകർക്കായി തുറക്കും. സായിദ് നാഷണൽ മ്യൂസിയം ഡിസംബർ മൂന്നിന് തുറക്കുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
35,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വെള്ളത്തിൽ നിന്ന് ഒരു പ്രകൃതിദത്ത രൂപീകരണം പോലെ ഉയർന്നു വരുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, 13.8 ബില്യൺ വർഷത്തെ പ്രകൃതി ചരിത്രത്തിലൂടെ സന്ദർശകരെ കൊണ്ടുപോകുന്നു. മഹാവിസ്ഫോടനം, സൗരയൂഥത്തിന്റെ രൂപീകരണം, ദിനോസറുകളുടെ ഉദയം, ഭൂമിയിലെ ജൈവവൈവിധ്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രശസ്ത ആർക്കിടെക്റ്റുകളായ മെകാനൂ ആണ് ഇതിന്റെ രൂപകൽപ്പന നിർവഹിച്ചത്.മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളിൽ മൂന്ന് അമൂല്യ വസ്തുക്കളുണ്ട്. അതിലൊന്ന് ”സ്റ്റാൻ’ എന്നറിയപ്പെടുന്ന, 6.7 കോടി വർഷം പഴക്കമുള്ള ടൈറനോസോറസ് റെക്സ് (ടി-റെക്സ്) ന്റെ ഏതാണ്ട് പൂർണമായ അസ്ഥികൂടമാണ്. കൂടാതെ, ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ 25 മീറ്റർ നീളമുള്ള നീലത്തിമിംഗലത്തിന്റെ ഫോസിലും സൗരയൂഥം രൂപപ്പെടുന്നതിന് മുൻപ് രൂപം കൊണ്ട ഏഴ് ബില്യൺ വർഷം പഴക്കമുള്ള മർച്ചീസൺ ഉൽക്കയും ഇതിൽ ഉൾപ്പെടുന്നു.
അറേബ്യൻ ഉപദ്വീപിന്റെ പ്രകൃതി ചരിത്രം മ്യൂസിയത്തിന്റെ കഥാഖ്യാനത്തിലെ ഒരു പ്രധാന ഭാഗമാണ്. അബൂദബിയിൽ കണ്ടെത്തിയ വംശനാശം സംഭവിച്ച സ്റ്റിഗോടെട്രബെലോഡോൺ എമിറാറ്റസ് എന്ന ആനയുടെ ഫോസിലും ഇവിടെയുണ്ട്. ഭൂമിയുടെ കഥ, വികസിക്കുന്ന ലോകം, നമ്മുടെ ലോകം, പ്രതിരോധശേഷിയുള്ള ഗ്രഹം, ഭൂമിയുടെ ഭാവി എന്നിവ പ്രധാന ഗാലറികളാണ്. മ്യൂസിയം തുറക്കുന്നതിന്റെ ഭാഗമായി ”ദി മാർച്ച് ഓഫ് ദി ട്രൈസെറാടോപ്സ്’, ’61-ാമത് വൈൽഡ്്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ’ എന്നീ അന്താരാഷ്ട്ര താത്കാലിക പ്രദർശനങ്ങളും നടത്തും.
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എമിറേറ്റിന്റെ സാംസ്‌കാരിക രംഗത്ത് ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നുവെന്ന് അബൂദബി ടൂറിസം ആൻഡ് കൾച്ചർ വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. മൃഗശാസ്ത്രം, പാലിയോന്റോളജി, മറൈൻ ബയോളജി, തന്മാത്രാ ഗവേഷണം, ഭൗമശാസ്ത്രം എന്നിവയിലെ ശാസ്ത്രീയ അറിവുകളെ മ്യൂസിയത്തിലെ ഗവേഷണ സ്ഥാപനം പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

