അബുദാബി എയർപോർട്ട് സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലുള്ള ഇത്തിഹാദ് എയർവേസ് ഓഫീസിൽ ആരംഭിക്കുന്നു. നവംബർ 24 മുതലാണ് മദീന സായിദ് ഷോപ്പിങ് മാളിന് എതിർവശത്തുള്ള ഈ കേന്ദ്രത്തിൽ സിറ്റി ചെക്ക്-ഇൻ സൗകര്യം ലഭ്യമാകുക. വിമാനസമയത്തിന് 24 മണിക്കൂർ മുമ്പ് മുതൽ 4 മണിക്കൂർ മുമ്പു വരെ ഈ കേന്ദ്രത്തിൽ യാത്രക്കാർക്ക് ബാഗേജ് നൽകി ബോർഡിങ് കാർഡ് കൈപ്പറ്റാം. മൊറാഫിക് ഏവിയേഷൻ സർവീസിന് കീഴിൽ ആരംഭിച്ചിട്ടുള്ള ഈ കേന്ദ്രം, രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തിക്കുക.
ഇത്തിഹാദ് എയർവേസ്, എയർ അറേബ്യ, ഇൻഡിഗോ, വിസ് എയർ, ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് നിലവിൽ സിറ്റി ചെക്ക്-ഇൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. നിലവിൽ അബുദാബി മീന തുറമുഖത്തെ ക്രൂയിസ് ടെർമിനലിൽ 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. കൂടാതെ, യാസ് ഐലൻഡിലെ ക്രൗൺ പ്ലാസ ഹോട്ടൽ, മുസ്സഫ ഷാബിയ പതിനൊന്ന്, അൽ ഐൻ കുവൈറ്റാറ്റ് ലുലു മാൾ എന്നിവിടങ്ങളിലെ സിറ്റി ചെക്ക്-ഇൻ കേന്ദ്രങ്ങൾ രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്നു.
ബാഗേജുകൾ മുൻകൂട്ടി നൽകി ബോർഡിങ് പാസ് എടുക്കുന്ന യാത്രികർക്ക് വിമാനത്താവളത്തിൽ നീണ്ട ക്യൂവിൽ നിൽക്കാതെ നേരിട്ട് എമിഗ്രേഷൻ വിഭാഗത്തിലേക്ക് പോകാൻ കഴിയും എന്നുള്ളതാണ് സിറ്റി ചെക്ക്-ഇൻ സേവനത്തെ ജനപ്രിയമാക്കുന്നത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ ആശ്വാസകരമാണ്. മുതിർന്നവർക്ക് 35 ദിർഹമും കുട്ടികൾക്ക് 25 ദിർഹവുമാണ് ചെക്ക്-ഇൻ സേവനത്തിനുള്ള നിരക്ക്. കൂടുതൽ വിവരങ്ങൾ അറിയാനായി 800 667 2347 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

