അബ്ദുറഹീമിന്റെ മോചനം: കേസ് ഫയൽ ഗവർണറേറ്റിൽ നിന്ന് വിവിധ വകുപ്പുകളിലേക്ക് അയച്ചു

റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് ഫയൽ ഗവർണറേറ്റിൽ നിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീങ്ങിയതായി വിവരം ലഭിച്ചു. ഫയൽ അയച്ച വിവരം അഭിഭാഷകർ, ഇന്ത്യൻ എംബസി, പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂർ എന്നിവർക്ക് ലഭിച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. ഇതിനോടകം 19 വർഷത്തിലധികം ജയിൽ ശിക്ഷ പൂർത്തിയാക്കിയ അബ്ദുറഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിൽ ഇളവ് ലഭിച്ച് മോചനം സാധ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് അഭിഭാഷകരും എംബസിയും നിയമസഹായ സമിതിയും.

ദിയാധനം നൽകുകയും ദീർഘകാലത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ ശിക്ഷയിൽ ഇളവ് നൽകുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. റെന, അബുഫൈസൽ എന്നിവർ മുഖേന നിയമസഹായ സമിതി റിയാദ് ഗവർണർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. നിലവിലെ വിധി പ്രകാരം 20 വർഷത്തെ ശിക്ഷാകാലയളവ് 2026 മെയ് 20-നാണ് പൂർത്തിയാകുക.

നടപടികളുടെ പുരോഗതി അറിയാൻ വിവിധ കാര്യാലയങ്ങളെ സമീപിച്ചപ്പോഴാണ് ഗവർണറേറ്റിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കി ഫയൽ മറ്റ് വകുപ്പുകളിലേക്ക് അയച്ച കാര്യം അധികൃതർ അറിയിച്ചത്. സൗദി പൗരന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന അബ്ദുറഹീമിന് ദിയാധനം നൽകിയതിനെ തുടർന്ന് സൗദി കുടുംബം മാപ്പ് നൽകുകയും വധശിക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. പിന്നീട് പൊതുഅവകാശ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി റിയാദിലെ അപ്പീൽ കോടതി വിധിച്ച 20 വർഷത്തെ ശിക്ഷ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply