യു.എ.ഇയുടെ 54-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് സഫാരി പാർക്കിൽ പ്രവേശന ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇതനുസരിച്ച്, ശനി മുതൽ ചൊവ്വ വരെ സഫാരി പാർക്കിലെ കാഴ്ചകൾ 25 ദിർഹമിന് ആസ്വദിക്കാൻ സാധിക്കും. സാധാരണ പ്രവേശന ടിക്കറ്റിന്റെ നിരക്ക് 50 ദിർഹമാണ്.
സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘എക്‌സ്‌പ്ലോറർ സഫാരി ടൂർ’, ‘ഷട്ടിൽ ട്രെയിൻ സേവനങ്ങൾ’ എന്നിവയുൾപ്പെടുന്ന സഫാരി ബണ്ടിൽ ടിക്കറ്റുകൾ 100 ദിർഹമിനും ലഭ്യമാക്കും. ദേശീയ ദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും ഭാഗമാകാൻ സന്ദർശകർക്ക് ഇതിലൂടെ അവസരം ലഭിക്കും.
‘യുനൈറ്റഡ് ഇൻ നേച്ചർ’ (United in Nature) എന്ന പ്രമേയത്തിലാണ് പാർക്കിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക. പൈതൃകവും ദേശീയതയും, പ്രകൃതിയും വന്യജീവികളും, കുടുംബ സൗഹൃദ വിനോദങ്ങൾ, പ്രതിബിംബവും പ്രതിജ്ഞയും എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലാണ് ആഘോഷപരിപാടികൾ നടക്കുക. ഇതിൽ ‘പൈതൃകവും ദേശീയതയും’ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ‘ഫ്ലവേഴ്‌സ് ഓഫ് ദ യൂണിയൻ’ എന്ന പ്രമേയത്തിലുള്ള മജ്‌ലിസ് കിയോസ്‌കിൽ പരമ്പരാഗത ഇമാറാത്തി നൃത്തം, മൈലാഞ്ചി, ലുഖൈമാത്, അറബിക് കാപ്പി എന്നിങ്ങനെയുള്ള ഇമാറാത്തി പാരമ്പര്യവുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ അരങ്ങേറും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

