ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻറെ 44ാമത് എഡിഷന് ഇന്ന് ഷാർജ എക്‌സ്‌പോ സെൻററിൽ തുടക്കം. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേള ഉദ്ഘാടനം ചെയ്യും’നിങ്ങൾക്കും പുസ്തകത്തിനുമിടയിൽ’ എന്നതാണ് ഇത്തവണത്തെ പ്രമേയം. ഇന്ന് ഉച്ചയ്ക്ക് ശേഷം മാത്രമേ പൊതു സന്ദർശകർക്ക് പ്രവേശനമുള്ളൂ. 12 ദിവസം നീണ്ടുനിൽക്കുന്ന ഈ സാംസ്‌കാരിക മഹോത്സവത്തിൽ ഇന്ത്യയിൽ നിന്നടക്കം 66 രാജ്യങ്ങളിൽ നിന്ന് 250ലേറെ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും. ഇവർ 1,200ലധികം കലാസാംസ്‌കാരിക പരിപാടികൾക്ക് നേതൃത്വം നൽകും.
മലയാളത്തിൽനിന്ന് കവി സച്ചിദാനന്ദനും ഇ.വി സന്തോഷ് കുമാറും ഉൾപ്പെടെ ഇന്ത്യയിലെ സാഹിത്യ, ചിന്ത മേഖലകളിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ട്. ‘നിങ്ങളും പുസ്തകവും തമ്മിൽ’ എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. ഗ്രീസാണ് അതിഥി രാജ്യം. 118 രാജ്യങ്ങളിൽനിന്നുള്ള 2350 പ്രസാധകരാണ് മേളയിൽ പ്രദർശനത്തിന് എത്തുന്നത്. 66 രാജ്യങ്ങളിൽനിന്നുള്ള 251 പ്രമുഖർ നേതൃത്വം നൽകുന്ന 1200ലേറെ പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. ഇതിൽ 300 സാംസ്‌കാരിക പരിപാടികളും 750 കുട്ടിൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള ശിൽപശാലകളും ഉൾപ്പെടും. വിൽസ്മിത്ത് ഉൾപ്പെടെയുള്ള ഹോളിവുഡ് താരങ്ങളും മേളയിൽ എത്തുമെന്നാണ് വിവരം.
കഴിഞ്ഞ വർഷത്തേക്കാൾ 10 രാജ്യങ്ങൾ കൂടുതലായി ഇത്തവണ മേളയിൽ പങ്കെടുക്കുന്നുണ്ട്. പ്രമുഖ നൈജീരിയൻ എഴുത്തുകാരി ചിമമന്ദ എൻഗോസി അഡീചീ, ഇറ്റാലിയൻ എഴുത്തുകാരൻ കാർലോ റോവല്ലി, ഐറിഷ് നേവലിസ്റ്റ് പോൾ ലിഞ്ച്, ബ്രിട്ടീഷ് സൈക്കോളജിസ്റ്റ് ഡോ. ജൂലി സ്മിത്ത് എന്നിവരടക്കം പ്രമുഖർ അന്താരാഷ്ട്ര തലത്തിൽനിന്ന് മേളയുടെ ഭാഗമാകുന്നുണ്ട്. പുതിയ നിരവധി പരിപാടികളും ഇത്തവണത്തെ മേളയുടെ ഭാഗമായി അരങ്ങേറും. പോയട്രി ഫാർമസി, പോപ് അപ് അക്കാദമി, പോഡ്കാസ്റ്റ് സ്‌റ്റേഷൻ എന്നിവ ഇതിൽ ഉൾപ്പെടും. എട്ട് ഭാഷകളിലായി സായാഹ്ന കവിത സദസ്സുകൾ ഒരുക്കുന്ന പരിപാടിയും ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്.
റൈറ്റേഴ്‌സ് ഫോറത്തിൽ ഇത്തവണയും മലയാളികളുടേത് ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ പല സമയങ്ങളിലായി പ്രകാശനം ചെയ്യപ്പെടും. പുതിയ പുസ്തകങ്ങളുമായി ‘മാധ്യമം ബുക്‌സും’ ഇത്തവണ മേളയുടെ ഭാഗമാണ്. കുക്കറി കോർണറിൽ ലോകമെമ്പാടുമുള്ള 14 ഷെഫുമാർ നേതൃത്വം നൽകുന്ന 35 തത്സമയ കുക്കറി ഷോ സന്ദർശകർക്ക് പുതിയ അനുഭവം സമ്മാനിക്കും.
ദുബൈ, അജ്മാൻ എന്നീ എമിറേറ്റുകളിൽനിന്നുള്ള സന്ദർശകർക്ക് എക്‌സ്‌പോ സെൻററിൽ എത്താൻ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രത്യേക സർവിസുകളും സൗജന്യ ബോട്ട് സർവിസുകളും പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ 10 മുതൽ രാത്രി 10 മണിവരെയും വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 10 മുതൽ 11 മണിവരെയും വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ രാത്രി 11 മണിവരെയുമാണ് സന്ദർശക സമയം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

