2024ലെ ഗ്ലോബൽ സൈബർ സുരക്ഷാ സൂചികയിൽ (സി.എ.ഐ.സി.ഇ.സി 25) ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ബഹ്‌റൈനെ അറബ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജീസ് ഓർഗനൈസേഷൻ ആദരിച്ചു.മെയ് 25, 26 തീയതികളിൽ കെയ്റോയിൽ ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന വിവര സുരക്ഷയും സൈബർ സുരക്ഷയും സംബന്ധിച്ച നാലാമത് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിലാണ് ഈ അംഗീകാരം ലഭിച്ചത്.
ബഹ്‌റൈനെ പ്രതിനിധീകരിച്ച് നാഷനൽ സൈബർ സെക്യൂരിറ്റി സെന്ററിലെ സൈബർ ഓപറേഷൻസ് ഡെപ്യൂട്ടി പ്രസിഡന്റ് ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ അറബ് എക്‌സലൻസ് ഷീൽഡ് സ്വീകരിച്ചു. വിവര സുരക്ഷയും സൈബർ സുരക്ഷയും സംബന്ധിച്ച നാലാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ 180ലധികം പ്രഭാഷകരും 5,000 പ്രതിനിധികളും പങ്കെടുത്തു.രാഷ്ട്രങ്ങളുടെയും സ്ഥാപനങ്ങളുടെയും സാങ്കേതിക പ്രതിരോധശേഷി വർധിപ്പിക്കുക, പൊതു-സ്വകാര്യ സഹകരണം വികസിപ്പിക്കുക, അറബ് ലോകത്ത് കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ ഡിജിറ്റൽ ഭാവി കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം