1039 ടൺ സഹായവസ്തുക്കളുമായി ഗസ്സയിൽ പ്രവേശിച്ച് യുഎഇ ട്രക്കുകൾ

ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിലേക്ക് അടിയന്തര സഹായവുമായി യുഎഇ ദൗത്യസംഘം. ആയിരത്തിലേറെ ടൺ അവശ്യവസ്തുക്കളുമായി യുഎഇ ട്രക്കുകൾ ഗസ്സയിൽ പ്രവേശിച്ചു. കടുത്ത ഇസ്രായേൽ ഉപരോധത്തിനിടെയാണ് പലസ്തീനികൾക്കുള്ള സഹായവിതരണം.ഭക്ഷണം, മരുന്ന്, മറ്റു അവശ്യവസ്തുക്കൾ ഉൾപ്പെടെ 1039 ടൺ സഹായമാണ് യുഎഇ അയച്ച ട്രക്കുകളിലുള്ളത്. ദുരിതബാധിതർക്കായി യുഎഇയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഓപറേഷൻ നൈറ്റ് ത്രീയാണ് സഹായം വിതരണം ചെയ്യുക. റെഡ്‌ക്രോസ് അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും വിതരണത്തിന്റെ ഭാഗമാകും. ഇരുപത് ലക്ഷത്തിലേറെ പലസ്തീനികൾ ആവശ്യത്തിന് മരുന്നും ഭക്ഷണവും കിട്ടാതെ ദുരിതത്തിലാണ് എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തടയിടുന്ന ഇസ്രായേൽ നിലപാടിനെതിരെ കഴിഞ്ഞയാഴ്ച യുഎന്നിൽ യുഎഇ രംഗത്തെത്തിയിരുന്നു. അറബ് രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് യുഎന്നിലെ യുഎഇ അംബാസഡർ മുഹമ്മദ് അബൂഷഹാബ് നടത്തിയ പ്രസംഗത്തിലായിരുന്നു വിമർശനം. പട്ടിണിയെ ഇസ്രായേൽ യുദ്ധായുധമായി ഉപയോഗിക്കുന്നു എന്നായിരുന്നു യുഎഇയുടെ കുറ്റപ്പെടുത്തൽ. ഗസ്സയ്ക്കകത്ത് സഹായം തങ്ങൾ വിതരണം ചെയ്യാമെന്ന ഇസ്രായേൽ വാഗ്ദാനവും അറബ് ഗ്രൂപ്പ് തള്ളിയിരുന്നു.

ഇസ്രായേൽ ഉപരോധം മൂലം ഗസ്സ അതിർത്തിയിൽ 1,60,000 ടൺ ഭക്ഷ്യവസ്തുക്കളാണ് കെട്ടിക്കിടക്കുന്നത്. കഴിഞ്ഞയാഴ്ച വരെ കെറെം ഷാലോം ക്രോസിങ് വഴി 408 ട്രക്കുകൾക്ക് മാത്രമാണ് ഗസ്സയിലേക്ക് പ്രവേശിക്കാൻ ഇസ്രായേൽ അനുമതി നൽകിയത്. ഇതിൽ 115 ട്രക്കുകൾക്ക് മാത്രമേ ഗസ്സയ്ക്കകത്ത് ഭക്ഷണവിതരണം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളൂ.

Leave a Reply