ഈ വർഷത്തെ ഹജ്ജ് സീസൺ കണക്കിലെടുത്ത് ജിദ്ദയിലേക്കും മദീനയിലേക്കും പ്രത്യേക വിമാന സർവീസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയർലൈൻസ്. 33 പ്രത്യേക വിമാനങ്ങളാണ് മെയ് 31 വരെയും ജൂൺ 10-16നും ഇടയിലും സർവീസ് നടത്തുക. മക്കയിലേക്ക് പുറപ്പെടുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്ക് ഏറെ സൗകര്യപ്രദമാണ് ഈ സർവീസുകൾ.
ഇത് കൂടാതെ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് അമ്മാൻ, ദമ്മാം, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെയും അവിടെ നിന്ന് തിരികെയുമുള്ള 13 വിമാന സർവീസുകൾ കൂടി എമിറേറ്റ്‌സ് പ്രഖ്യാപിച്ചു. പെരുന്നാൾ ആഘോഷത്തിലും അവധി ചെലവഴിക്കാനുമായി ഇവിടങ്ങളിലേക്ക് പോകുന്ന ആളുകൾക്ക് ഈ സർവീസുകൾ പ്രയോജനപ്പെടുത്താം.
യുഎസ്എ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, തായ്‌ലാൻഡ് എന്നിവിടങ്ങളിൽ നിന്നായി അടുത്ത മൂന്ന് ആഴ്ചക്കുള്ളിൽ 32,000 ഹജ്ജ് തീർത്ഥാടകർ എമിറേറ്റ്‌സ് എയർലൈനിൽ യാത്ര ചെയ്യും. എല്ലാ ഹജ്ജ് തീർത്ഥാടകർക്കും എമിറേറ്റ്‌സിൻറെ ഹജ്ജ് ലഗേജ് ടാഗുകൾ നൽകും. ഇതിന് പുറമെ പുതിയതായി അവതരിപ്പിച്ച ഹജ്ജ് കിറ്റും ഇവർക്കായി നൽകും. ബലിപെരുന്നാൾ പ്രമാണിച്ച് മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലുടനീളമുള്ള പ്രത്യേക സർവീസുകളിൽ ഈദ് സ്‌പെഷ്യൽ ഭക്ഷണവും ഉണ്ടാകും.