ഹജ്ജിനെത്തുന്ന തീർഥാടകർക്ക് ഉയർന്ന തലത്തിലുള്ള എല്ലാവിധ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനുള്ള സംയോജിത ശ്രമങ്ങളുമായി സൗദി ആരോഗ്യ മന്ത്രാലയം.ഹജ്ജ് സീസൺ ആരംഭിച്ചത് മുതൽ രാജ്യത്തിന്റെ വിവിധ ആരോഗ്യ സംവിധാനങ്ങൾ വഴി തീർഥാടകർക്ക് 78,000-ലധികം മെഡിക്കൽ സേവനങ്ങൾ നൽകിയതായി മന്ത്രാലയം അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെ വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ 46,000-ലധികം തീർഥാടകർ ചെറുതും വലുതുമായ ആരോഗ്യ പ്രശ്‌നങ്ങളുമായി എത്തിയിരുന്നു. അടിയന്തര വിഭാഗങ്ങൾ 17,000 കേസുകൾ കൈകാര്യം ചെയ്തു. 860-ലധികം തീർഥാടകർ ‘ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ’ സന്ദർശിച്ചു ചികിത്സ തേടിയിരുന്നു. 1,600-ലധികം രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതുൾപ്പെടെ 3,000-ലധികം പേരെ വിവിധ കേസുകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് ഓപൺ ഹാർട്ട് സർജറികളും 104 ‘കാർഡിയാക് കത്തീറ്ററൈസേഷനു’കളും നടത്തിയതായി മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’-ന്റെ ലക്ഷ്യങ്ങളിൽപ്പെട്ട ആരോഗ്യമേഖല പരിവർത്തന പരിപാടിയുടെയും ദൈവത്തിന്റെ അതിഥികളുടെ സേവന പരിപാടിയുടെയും ഭാഗമായി ഉയർന്ന തലത്തിലുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള സംയോജിത ശ്രമങ്ങൾ ഊർജ്ജിതമായി പൂർത്തിയാക്കി വരികയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ 937 ടോൾ ഫ്രീ സെന്റർ വഴിയുള്ള മെഡിക്കൽ കൺസൾട്ടേഷനുകൾ 27,000 കവിഞ്ഞു.
അടിസ്ഥാന സൗകര്യസന്നദ്ധത വർദ്ധിപ്പിക്കുന്നതിനും തീർഥാടകർക്ക് ഉടനടി വിശ്വസനീയവുമായ വൈദ്യസഹായം നൽകുന്നതിന് ആരോഗ്യ പ്രതികരണ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയും അവർക്ക് സേവനം നൽകുന്നതിന് കാര്യക്ഷമവും വിശ്വസനീയവുമായ വൈദ്യസഹായം നൽകുന്നതും ഉറപ്പാക്കാൻ എല്ലാവിധ മുന്നൊരുക്കവും പൂർത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

