ഹജ്ജ് തീർഥാടകർക്ക് സംശയനിവാരണത്തിനും വിവിധ സഹായങ്ങൾക്കുമായി പുതിയ പോർട്ടൽ പ്രവർത്തനമാരംഭിച്ചു. മക്കയിലും മദീനയിലും സഹായകമാകുംവിധം രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് services.prh.gov.sa എന്ന പോർട്ടൽ ആരംഭിച്ചത്. ഇത്തരമൊരു പോർട്ടൽ ആദ്യത്തേതാണെന്ന് സൗദി മതകാര്യവിഭാഗം അറിയിച്ചു. ചാറ്റിലൂടെ തീർഥാടകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടികളും തത്സമയം പോർട്ടലിലൂടെ ലഭിക്കും.
ഇസ്ലാമിക വിഷയങ്ങൾ ലളിതവും സമഗ്രവുമായി ഇതിൽ വിവരിക്കുന്നുണ്ട്.ആഗോളതലത്തിൽ ലഭ്യമാകുന്ന രീതിയിലാണ് പോർട്ടൽ പുറത്തിറക്കിയതെന്ന് മക്ക, മദീന പള്ളികളുടെ മതകാര്യ മേധാവി അബ്ദുൾറഹ്‌മാൻ അൽ – സുദൈസ് പറഞ്ഞു.
തീർഥാടകർക്കുള്ള സമ്പൂർണ റഫറൻസ് കൂടിയായിരിക്കുമിത്. പ്രാർഥനാസമയം, ഇമാമുകളെയും മുഅദ്ദിനുകളെയും കുറിച്ചുള്ള അറിയിപ്പുകൾ, മതപരമായ പാഠങ്ങളുടെയും അവയുടെ സ്ഥലങ്ങളുടെയും ഷെഡ്യൂളുകൾ എന്നിവയുൾപ്പെടെ വിവിധ വിവരങ്ങൾ ഇതിലുണ്ട്.ഹജ്ജ് തീർഥാടകർക്ക് സ്മാർട്ട് മാപ്പുകൾ ഉപയോഗിക്കാൻ സാധിക്കുന്ന ഇന്ററാക്ടീവ് നാവിഗേഷൻ സവിശേഷതയുമുണ്ട്. ഇസ്ലാമിക പദങ്ങളുടെ നിർവചനങ്ങൾക്കൊപ്പം പ്രാർഥന എങ്ങനെ നടത്താമെന്നതിനെക്കുറിച്ചുള്ള മാർഗനിർദേശം നൽകാനും പോർട്ടൽ പ്രാപ്തമാണ്.