ഹജ്ജ് തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ; പുണ്യസ്ഥലങ്ങളിലെ തറയും റോഡുകളും കൂളാക്കി

ഹജ്ജ് തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പുണ്യസ്ഥലങ്ങളിലെ തറയും റോഡുകളും ചൂടേൽക്കാത്ത കൂളിങ് വസ്തു കൊണ്ട് ആവരണം ചെയ്തു. ഗതാഗത-ലോജിസ്റ്റിക്‌സ് മന്ത്രി എൻജി. സ്വാലിഹ് അൽ ജാസർ ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

2023ൽ ആരംഭിച്ച പദ്ധതിയുടെ വിപുലീകരണമാണിത്. റോഡുകളെ ഇങ്ങനെ തണുപ്പിക്കുന്ന വസ്തുകൊണ്ട് പൊതിയുന്ന ‘റോഡ് കൂളിങ് പദ്ധതി’ ഈ വർഷം 82 ശതമാനം വികസിപ്പിച്ചതായി റോഡ് അതോറിറ്റി അറിയിച്ചു. ഈ വസ്തുകൊണ്ട് അറഫ പ്രദേശത്ത് 84,000 ചതുരശ്ര മീറ്ററിലധികം റോഡുകൾ ടാർ ചെയ്തിട്ടുണ്ട്.

സൂര്യപ്രകാശം നേരിട്ടടിക്കുമ്പോൾ ഉണ്ടാകുന്ന ചൂട് ആഗിരണം ചെയ്യുന്നത് കുറക്കുകയും ഉപരിതലത്തിലെ ചൂട് ഏകദേശം 12 ഡിഗ്രി സെൽഷ്യസ് കുറക്കുകയും പ്രഭാത സമയത്ത് റേഡിയേഷൻ പ്രതിഫലനം 30 മുതൽ 40 ശതമാനം വരെ വർധിപ്പിക്കുകയും ചെയ്യുന്ന സവിശേഷ തരം വസ്തു ഉപയോഗിച്ചാണ് റോഡുകളുടെ തറ പൊതിഞ്ഞ് കൂളിങ്ങാക്കിയിരിക്കുന്നത്.

തദ്ദേശീയമായി ഉൽപാദിപ്പിച്ചതാണ് ഈ പദാർഥം. ഇത് പ്രതലം ചൂടാകുന്ന പ്രതിഭാസം കുറക്കാനും തീർഥാടകർക്ക് സുഖകരമായ അന്തരീക്ഷം നൽകാനും ഊർജ ഉപഭോഗവും വായുമലിനീകരണവും കുറക്കാനും സഹായിക്കുന്നുവെന്നും അതോറിറ്റി സൂചിപ്പിച്ചു.

Leave a Reply