സർവകക്ഷി സന്ദർശനത്തിനിടെ ദേഹാസ്വാസ്ഥ്യം; ഗുലാം നബി ആസാദ് കുവൈത്തിലെ ആശുപത്രിയിൽ

ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാട് പങ്കുവെക്കാൻ കുവൈത്തിലെത്തിയ പ്രതിനിധി സംഘത്തിലെ അംഗം ഗുലാംനബി ആസാദിന് ദേഹാസ്വാസ്ഥ്യം. പിന്നാലെ അദ്ദേഹത്തെ കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വിവിധ പരിപാടികളിൽ പങ്കെടുത്ത ഗുലാം നബി ആസാദിന് ചൊവ്വാഴ്ച ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടിരുന്നു. തുടർന്ന് ചൊവ്വാഴ്ചയിലെ പരിപാടികളിൽ നിന്ന് ഇദ്ദേഹം വിട്ടുനിന്നു. ഉച്ചയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ചയാണ് ബഹ്‌റൈൻ സന്ദർശനം പൂർത്തിയാക്കി ബിജെപി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം കുവൈത്തിലെത്തിയത്. നിഷികാന്ത് ദുബെ, ഫാങ്നോൺ കൊന്യാക്, രേഖ ശർമ, അസദുദ്ദീൻ ഉവൈസി, സത്‌നാം സിങ് സന്ധു, ഗുലാം നബി ആസാദ്, ഹർഷ് ശ്രിംഗള എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

അതേസമയം ചൊവ്വാഴ്ച കുവൈത്ത് സന്ദർശനം പൂർത്തിയാക്കി സംഘം സൗദിയിലെത്തി. സൗദിയിൽ നിന്ന് 30ന് അൽജീരിയയിലേക്ക് തിരിക്കും. ഇരു രാജ്യങ്ങളിലെയും സന്ദർശനങ്ങളിൽ ഗുലാം നബി ആസാദ് പങ്കെടുക്കില്ല. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നുമാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

Leave a Reply