സൗദി ഹൈഡ്രജൻ ട്രക്കുകൾ പരീക്ഷിക്കാനൊരുങ്ങുന്നു; ഡിഎച്ച്എൽ പദ്ധതി നടപ്പാക്കും

പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹെവി-ഡ്യൂട്ടി ട്രക്കുകൾ പരീക്ഷിക്കാനൊരുങ്ങി സൗദി അറേബ്യ. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലായിരിക്കും ഈ നിർണ്ണായക പരീക്ഷണം നടക്കുക. ലോജിസ്റ്റിക്സ് രംഗത്തെ ആഗോള ഭീമന്മാരായ ഡി എച്ച് എൽ (DHL) കമ്പനിയാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

ഹൈപ്പർവ്യൂ കമ്പനി വികസിപ്പിച്ച HTO2.1 ഹെവി-ഡ്യൂട്ടി ഹൈഡ്രജൻ വാഹനങ്ങളായിരിക്കും പരീക്ഷണങ്ങൾക്കായി നിരത്തിലിറക്കുക. നൂതന സെൻസറുകളടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ ട്രക്കുകൾ നിർമ്മിച്ചിരിക്കുന്നത്. ട്രക്കുകളുടെ പ്രകടനം, പ്രവർത്തനച്ചെലവ്, കാര്യക്ഷമത എന്നിവ വിശദമായി വിലയിരുത്തുകയാണ് പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം.

നാല്പത്തിയഞ്ച് ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഈ ട്രക്കുകൾ, ഒറ്റത്തവണ റീഫിൽ ചെയ്താൽ ഏകദേശം 450 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാൻ കഴിയും. നിലവിലുള്ള ട്രക്കുകളെ അപേക്ഷിച്ച് ഊർജ ഉപയോഗം പത്തു ശതമാനമായി കുറയ്ക്കാൻ ഹൈഡ്രജൻ ട്രക്കുകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ പദ്ധതിയുടെ വിജയം ചെലവ് ചുരുങ്ങിയ സേവനം ലഭ്യമാക്കാനും, കുറഞ്ഞ ഊർജത്തിൽ കൂടുതൽ ഉപയോഗം സാധ്യമാക്കാനും, ഏറ്റവും പ്രധാനമായി പരിസ്ഥിതി മലിനീകരണം തടയുന്നതിനും വലിയ സംഭാവന നൽകും. നിലവിൽ രാജ്യത്ത് 700-ൽ അധികം സാധാരണ ട്രക്കുകളാണ് ഡി എച്ച് എൽ ഉപയോഗിക്കുന്നത്. ഹൈഡ്രജൻ ട്രക്കുകളുടെ പരീക്ഷണം വിജയകരമായാൽ, കമ്പനിയുടെ ഭാവിയിലെ സേവനങ്ങളെല്ലാം ഹൈഡ്രജൻ ഇന്ധനമാക്കിയ ട്രക്കുകൾ ഉപയോഗിച്ചായിരിക്കും എന്നതും ശ്രദ്ധേയമാണ്.

Leave a Reply