സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ നഗരങ്ങളിൽ വൻ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. 200 കോടി റിയാൽ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതികളിൽ പ്രവിശ്യ മുനിസിപ്പൽ അതോറിറ്റി നിക്ഷേപകരുമായി ധാരണയിലെത്തി. അൽകോബാറിൽ ഒരു മെഡിക്കൽ സമുച്ചയവും വിനോദ പാർക്കും, ജുബൈലിൽ ഒരു വ്യവസായ, തൊഴിൽ ഡാറ്റാ സെന്ററും അടങ്ങുന്നതാണ് ഈ പദ്ധതികൾ. ടൂറിസവും വിനോദവും ലക്ഷ്യമിട്ടുള്ള പദ്ധതികളിലൂടെ ദമ്മാം, അൽകോബാർ, ജുബൈൽ നഗരങ്ങളുടെ വികസനവും അതുവഴി കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമിടുന്നത്.
അൽകോബാറിൽ സംയോജിത മെഡിക്കൽ സമുച്ചയവും ഗവേഷണ കേന്ദ്രവും സ്ഥാപിക്കും. കൂടാതെ, അൽകോബാർ ഹാഫ് മൂൺ ബീച്ചിൽ 20 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അമ്യൂസ്‌മെൻറ് പാർക്കും നിർമിക്കും. ഇത് പ്രദേശത്തെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ് നൽകും.വ്യാവസായിക നഗരമായ ജുബൈലിൽ സംയോജിത വ്യവസായ തൊഴിൽ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിനും കരാർ ഒപ്പുവച്ചു. ഇത് വ്യവസായ മേഖലയ്ക്ക് വലിയ പിന്തുണ നൽകും.
പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരൻ മുനിസിപ്പൽ, ഭവനകാര്യ മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽ-ഹൊഗൈലിയുടെയും, കിഴക്കൻ പ്രവിശ്യ മേയർ എൻജിനീയർ ഫഹദ് അൽ-ജുബൈറിന്റെയും സാന്നിധ്യത്തിൽ കരാറുകൾ കൈമാറി.