സൗദി അറേബ്യയ്ക്കും ഈജിപ്തിനും ഇടയിൽ ഹൈ-സ്പീഡ് റെയിൽ വേ ലൈൻ വരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന കഴിഞ്ഞ ദിവസമാണ് വന്നത്. അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ കെയ്‌റോയിൽ നടന്ന സാമ്പത്തിക സമ്മേളനത്തിൽ പദ്ധതിയുടെ ആസൂത്രണം പൂർത്തിയായതായി ഈജിപ്ത് ഗതാഗത മന്ത്രി കമെൽ അൽ-വസീർ വ്യക്തമാക്കി.
ഈജിപ്തിന്റെ ശർമ്മ് എൽ-ഷെയ്ഖിൽ നിന്നും ആരംഭിക്കുന്ന ഹൈ-സ്പീഡ് റെയിൽ സൗദി അറേബ്യയിലെ റാസ് ഹമീദിനടുത്തുള്ള നിയോം മെഗാ-സിറ്റിയിലേക്കായിരിക്കും വന്ന് ചേരുക. ഈ പദ്ധതി പ്രാവർത്തികമാകുന്നതോടെ പ്രാദേശിക ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സാധാരണ യാത്രയോടൊപ്പം തന്നെ ചരക്ക് നീക്കം കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഏകദേശം 4000 മില്യൺ യുഎസ് ഡോളർ പദ്ധതിയുടെ ചെലവായി പ്രതീക്ഷിക്കുന്നു. ഈജിപ്തിന്റെ ചരിത്രപ്രധാനമായ അബിഡോസ് പോലുള്ള പുരാതന കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനായി നേരത്തെ നിശ്ചയിച്ച പാതയിൽ ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
പുരാതന സൈറ്റുകൾക്ക് മുകളിലൂടെ കടന്നുപോകുന്നതിന് പകരം, ഗിസയിലെ പിരമിഡുകൾക്ക് സമീപത്തുകൂടി കടന്നുപോകുന്ന തരത്തിലാണ് പുതിയ റൂട്ട് നിശ്ചയിച്ചിട്ടുള്ളത്. ഇത് യാത്രക്കാർക്ക് മനോഹരമായ മരുഭൂമി ദൃശ്യങ്ങളോടൊപ്പം തന്നെ ലോകപ്രശസ്തമായ സ്മാരകങ്ങളുടെ കാഴ്ചകളും യാത്രയിൽ ആസ്വദിക്കാൻ സാധിക്കും.