സൗദി അറേബ്യയിൽ വേനൽച്ചൂട് കടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത ചൂടാണ് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ അനുഭവപ്പെട്ടത്. കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, 47 ഡിഗ്രി സെൽഷ്യസ്.
വേനൽക്കാലം ശക്തിപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത ഒരാഴ്ച വരെ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ അടുത്ത ആഴ്ച വരെ കാറ്റ് തുടരും. കിഴക്കൻ മേഖല, മക്കയുടെ കിഴക്കൻ ഭാഗങ്ങൾ, മദീന, അസീർ എന്നിവിടങ്ങളിലും നജ്‌റാൻ മേഖലയിലും ജിദ്ദയിൽ നിന്ന് ജസാനിലേക്കുള്ള തീരദേശ റോഡിലും കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു.
റിയാദ് മേഖലയുടെ ചില ഭാഗങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെടും. ഇതിന്റെ ഫലമായി ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.