സൗദിയിൽ വാറ്റ് പിഴ ഒഴിവാക്കൽ നടപടി പ്രയോജനപ്പെടുത്താൻ നിർദേശം

സൗദിയിൽ മൂല്യവർധിത നികുതിയുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴകൾ ഒഴിവാക്കി നൽകുന്നതിന് അനുവദിച്ച സാവകാശം പ്രയോജനപ്പെടുത്താൻ ഓർമപ്പെടുത്തി സകാത്ത് ആൻഡ് ടാക്‌സ് അതോറിറ്റി. ജൂൺ 30ന് കാലാവധി അവസാനിക്കാനിരിക്കെയാണ് അതോറിറ്റിയുടെ ഓർമപ്പെടുത്തൽ. സ്ഥാപനങ്ങൾക്ക് നിയമവിധേയമാകുന്നതിനും സാമ്പത്തിക പ്രതിസന്ധികൾ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇളവ് അനുവദിച്ചിരുന്നത്.

സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതിയിനത്തിൽ ചുമത്തിയ പിഴകൾ ഒഴിവാക്കുന്നതിന് സകാത്ത് ആൻഡ് ടാക്സ് അതോറിറ്റി അനുവദിച്ച സാവകാശം എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്ന് സകാത്ത് ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. 2025 ജൂൺ 30വരെയാണ് നിലവിൽ സാവകാശം അനുവദിച്ചിരിക്കുന്നത്. അനുവദിച്ച സാവകാശം പരമാവധി എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്താൻ അതോറിറ്റി ആവശ്യപ്പെട്ടു.

ആഗോള സാമ്പത്തിക മാറ്റങ്ങളെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും സ്ഥാപനങ്ങൾക്കുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇളവ് പ്രഖ്യാപിച്ചിരുന്നത്.

2021 ജൂണിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വാറ്റ് രജിസ്ട്രേഷൻ വൈകൽ, നികുതി പണമടക്കാൻ വൈകൽ, വാറ്റ് റിട്ടേൺ ഫയൽ ചെയ്യാനുള്ള കാലതാമസം, വാറ്റ് റിട്ടേൺ തിരുത്തൽ, ഡിജിറ്റൽ ഇൻവോയിസിംഗുമായി ബന്ധപ്പെട്ട് ഫീൽഡ് പരിശോധനകളിൽ കണ്ടെത്തിയ നിയമലംഘനം തുടങ്ങിയവക്ക് ചുമത്തിയ പിഴകൾ ഒഴിവാക്കി നൽകുന്നതാണ് പദ്ധതി. എന്നാൽ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പിഴകൾ ആനുകൂല്യത്തിൽ ഉൾപ്പെടില്ല. പലതവണ നീട്ടി നൽകിയ ഇളവ് കാലമാണ് ജൂൺ മുപ്പതിൽ എത്തി നിൽക്കുന്നത്.

Leave a Reply

Discover more from Radio Keralam 1476 AM News

Subscribe now to keep reading and get access to the full archive.

Continue reading