സൗദിയിലെ ആഭ്യന്തര തീർഥാടകർ ഹജ്ജിനായി മക്കയിലേക്ക് തിരിച്ചു. രാജ്യത്തിന്റെ വിദൂര ദിക്കുകളിൽ നിന്നുള്ള തീർഥാടകരാണ് ഇന്നലെയോടെ മക്കയിലേക്ക് പുറപ്പെട്ടത്. മക്കയിലെത്തുന്ന ഇവർ ഇഹ്റാം വസ്ത്രമണിഞ്ഞ് ഉംറ നിർവ്വഹിച്ച് നാളെ മിനായിലേക്ക് തിരിക്കും.
ഹജ്ജ് അനുമതി നേടിയവ സൗദിയിലെ സ്വദേശികളും വിദേശികളുമായ തീർഥാടകരാണ് മക്കയിലേക്ക് തിരിച്ചത്. ദൂരദിക്കുകളിൽ നിന്നുള്ളവർ റോഡ്, വ്യോമ മാർഗങ്ങളിലൂടെയാണ് പുണ്യ നഗരിയിലേക്ക് പുറപ്പെട്ടത്. കിഴക്കൻ പ്രവശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും തലസ്ഥാന നഗരിയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ളവരും ഇതിനകം യാത്ര പുറപ്പെട്ടു.
കുടുംബങ്ങളുമൊത്താണ് മിക്കവരും ഹജ്ജ് നിർവ്വഹിക്കുന്നത്. മഹ്റമില്ലാതെയും ഹജ്ജിന് പുറപ്പെട്ടവരും കൂട്ടത്തിലുണ്ട്. സൗദിയിൽ വേനൽ ചൂട് ശക്തമാണെങ്കിലും പലരും ജീവിതാഭിലാശം പൂവണിയുന്ന സന്തോഷത്തിലണ് ഹജ്ജിന് യാത്ര തിരിച്ചത്.സൗദിയിൽ നിന്നുള്ള മുഴുവൻ ഹാജിമാരും നാളെയോടെ മക്കയിലെത്തും. ഹജ്ജ് അനുമതിയില്ലാതെ എത്തുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാണ്. ഇത് മക്കയിലേക്കുള്ള തീർഥാടകരുടെ യാത്രക്ക് ദൈർഘ്യം കൂട്ടും.