സ്വദേശികളുടെ 324 കോടി രൂപയുടെ സാമ്പത്തിക ബാധ്യതകൾ എഴുതിത്തള്ളി യുഎഇ പ്രസിഡൻറ്

222 സ്വദേശികളുടെ സാമ്പത്തിക ബാധ്യതകൾ എഴുതിത്തള്ളാൻ ഉത്തരവിട്ട് യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ആകെ 139 മില്യൻ ദിർഹത്തിൻറെ കടമാണ് എഴുതിത്തള്ളുക, ഏകദേശം 324 കോടി രൂപ!

ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. ജോലിയിൽ നിന്ന് വിരമിച്ച 132 പേരുടെ 86.47 ദശലക്ഷം ദിർഹവും സാമൂഹിക പിന്തുണ വിഭാഗത്തിന് കീഴിൽ 90 പൗരന്മാരുടെ 53.4 ദശലക്ഷം ദിർഹവും എഴുതിത്തള്ളും. ഡിഫോൾട്ട് ഡെബ്റ്റ്‌സ് സെറ്റിൽമെന്റ് ഫണ്ട് മുഖേനയാണ് ഇളവുകൾ. ബലിപെരുന്നാളിനോട് അനുബന്ധിച്ച് നേരത്തെ 963 തടവുകാർക്ക് യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോചനം പ്രഖ്യാപിച്ചിരുന്നു. ഇവരുടെ സാമ്പത്തിക ബാധ്യതകളും സർക്കാർ ഏറ്റെടുക്കും. യുഎഇയുടെ വിവിധ എമിറേറ്റുകളിലെ ജയിലുകളിൽ നിന്നായി 2910 തടവുകാരാണ് മോചിതരാകുക. ബലിപെരുന്നാളിനോട് അനുബന്ധിച്ച് 985 തടവുകാർക്ക് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മോചനം നൽകി.

ഷാർജയിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് 439 തടവുകാർക്ക്, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മോചനം പ്രഖ്യാപിച്ചു. 112 തടവുകാർക്ക് മോചനം നൽകുന്നതായി സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയും പ്രഖ്യാപിച്ചു. റാസൽഖൈമയിൽ നിന്ന് 411 തടവുകാരെയും വിട്ടയയ്ക്കും. തടവുകാലത്ത് നല്ല നടപ്പിന് വിധേയരായ വിവിധ രാജ്യക്കാരായ തടവുകാരാണ് മോചിതരാകുന്നത്.

Leave a Reply