യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.52 ലക്ഷം കടന്നതായി മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു. കഴിഞ്ഞ വർഷം മേയ് മാസത്തിൽ ഒരു ലക്ഷമായിരുന്ന സ്ഥാനത്താണ് ഈ വർധനവ്. രാജ്യത്തെ 29,000 കമ്പനികളിലായി സ്വദേശികൾ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. ജൂൺ 30 വരെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. ഈ വർഷത്തെ ആദ്യ ആറ് മാസത്തെ സ്വദേശിവൽക്കരണ ലക്ഷ്യം പൂർത്തിയാക്കാൻ കമ്പനികൾക്ക് അനുവദിച്ചിരുന്ന അവസാന തീയതിയായിരുന്നു ജൂൺ 30.
രാജ്യത്തെ പ്രധാന സാമ്പത്തിക മേഖലകളായ ബിസിനസ് സേവനങ്ങൾ, സാമ്പത്തിക ഇടനില പ്രവർത്തനങ്ങൾ, വ്യാപാരം, റിപ്പയർ സേവനങ്ങൾ, നിർമാണം, ഉൽപ്പാദനം തുടങ്ങിയ എല്ലാ മേഖലകളിലും സ്വദേശികളുടെ സാന്നിധ്യം വർധിച്ചുവരികയാണ്. നൈപുണ്യം ആവശ്യമുള്ള മേഖലകളിൽ 2026ഓടെ 10 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2021-ലാണ് ‘നാഫിസ്’ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം, ഓരോ വർഷവും രണ്ട് ശതമാനം വീതം നിയമനം നടത്തേണ്ടതുണ്ട്. ഇതിൽ വർഷത്തിന്റെ ആദ്യ പകുതിയിൽ ഒരു ശതമാനവും രണ്ടാം പകുതിയിൽ ബാക്കിയും നിയമനം പൂർത്തിയാക്കണം.
കഴിഞ്ഞ വർഷം മുതൽ 20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണമെന്ന നിർബന്ധിത തീരുമാനം നിലവിൽ വന്നു. ഇത്തരം സ്ഥാപനങ്ങൾ 2025-ൽ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. 2025-ന്റെ ആദ്യ പകുതിയിലെ നിയമന ലക്ഷ്യം ജൂൺ 30-ന് മുമ്പ് പൂർത്തിയായില്ലെങ്കിൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ജൂലൈ ഒന്നു മുതൽ കമ്പനികൾ നിയമം പാലിച്ചിട്ടുണ്ടോ എന്ന് മന്ത്രാലയം പരിശോധിച്ചു വരികയാണ്. നിയമം പാലിക്കാത്ത കമ്പനികൾക്ക് പിഴ ചുമത്തും. സ്വദേശിവൽക്കരണ ലക്ഷ്യം പാലിക്കുന്നതിനൊപ്പം, സ്വദേശി ജീവനക്കാരെ അംഗീകൃത സാമൂഹിക സുരക്ഷാ ഫണ്ടിൽ രജിസ്റ്റർ ചെയ്യുക, എല്ലാ സംഭാവനകളും കൃത്യമായി അടയ്ക്കുക തുടങ്ങിയ അനുബന്ധ കാര്യങ്ങളും പരിശോധനയുടെ ഭാഗമാണ്. 2023-ലെ കാബിനറ്റ് തീരുമാനമനുസരിച്ച്, നിയമിക്കാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 7,000 ദിർഹം നിരക്കിൽ ആറ് മാസത്തേക്ക് 42,000 ദിർഹം പിഴ ചുമത്തും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

