സോഷ്യൽ മീഡിയയിൽ ബഹ്‌റൈനിലെ കുട്ടികൾ സുരക്ഷിതരെന്ന് അധികൃതർ

സോഷ്യൽ മീഡിയയിൽ കുട്ടികൾക്ക് മികച്ച സുരക്ഷിതത്വമാണ് രാജ്യം ഒരുക്കുന്നതെന്ന് ഗൾഫ് ഫോറത്തിൽ ബഹ്‌റൈൻ. കഴിഞ്ഞദിവസം ജി.സി.സിയിലെ തൊഴിൽ മന്ത്രിമാരെയും സാമൂഹിക കാര്യ മന്ത്രിമാരെയും പങ്കെടുപ്പിച്ച് മനാമയിലെ വിന്ദാം ഗ്രാൻഡിൽ നടന്ന ഗൾഫ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു ബഹ്‌റൈൻ പ്രതിനിധികൾ.സൈബർ മേഖലയിലെ യുവാക്കളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള വഴികൾ ചർച്ചചെയ്യുക എന്ന ലക്ഷ്യത്തോടെ ‘ഡിജിറ്റൽ ലോകത്ത് കുട്ടികൾക്കുള്ള സംരക്ഷണം’ എന്ന തലക്കെട്ടിൽ നടന്ന സമ്മേളനത്തിൽ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സാങ്കേതിക വിദഗ്ധർ അനുഭവങ്ങളും വൈദഗ്ധ്യവും അറിവും പങ്കുവെച്ചു.

കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിൽ മിക്ക രാജ്യങ്ങളേക്കാളും മുന്നിലാണ് ബഹ്‌റൈനെന്ന് എക്‌സിക്യൂട്ടിവ് ബ്യൂറോ സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ ജാസിം അൽഹമ്രാനി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, കുട്ടികളുടെ അവകാശങ്ങൾ എന്നിവ നിർണയിക്കുന്ന 2024 കിഡ്സ് റൈറ്റ്‌സ് സൂചികയിൽ ബഹ്റൈൻ 29ാം സ്ഥാനത്താണ്. ഇൻറർനെറ്റ് കുട്ടികൾക്ക് മികച്ച പഠനോപാധിയാണ്. എന്നാൽ അതിൻറെ വ്യാപകമായ ഉപയോഗം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അത് കുട്ടികളുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾക്ക് വഴിത്തിരിവാകുമെന്നും ഫോറം ഉദ്ഘാടനംചെയ്ത് സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവി പറഞ്ഞു. കുട്ടികളുടെയും യുവാക്കളുടെയും സൈബർ ഇടങ്ങളിലെ സുരക്ഷിതത്വത്തിനുള്ള മാർഗങ്ങൾ ഏകീകൃതമായി ജി.സി.സി രാജ്യങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൈബർ ഇടങ്ങളും സ്മാർട്ട് സംവിധാനങ്ങളും കുട്ടികൾ ലഭ്യമാകുന്നിടത്തോളം കാലം അപകടങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്.

അതുകൊണ്ട് സ്വയം സംരക്ഷിക്കപ്പെടാനുള്ള കഴിവ് കുട്ടികളിൽ വികസിപ്പിച്ചെടുക്കാൻ നമ്മൾ ശ്രമിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ കമ്യൂണിറ്റി അഫയേഴ്സ് പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് ചീഫ് ബ്രിഗേഡിയർ അമ്മാർ മുസ്തഫ അൽ സയീദ് പറഞ്ഞു.

Leave a Reply