സർക്കാറിന്റെ ഏകീകൃത ഇ-സർവിസസ് പ്ലാറ്റ്ഫോമായ സഹലിലൂടെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) നൂതനമായ റെസിഡന്റ് ഡേറ്റ സേവനം അവതരിപ്പിച്ചു.ഇതുവഴി കുവൈത്തിലെ പ്രോപ്പർട്ടി ഉടമകൾക്ക് അവരുടെ വാടക സ്വത്തുക്കളുടെയും വാടകക്കാരുടെയും വിവരങ്ങൾ കൃത്യമായി അറിയാം. വീട്ടുടമസ്ഥർക്ക് അവരുടെ കെട്ടിടങ്ങളിൽ താമസിക്കുന്ന വ്യക്തികളുടെ താമസ വിവരങ്ങൾ സ്വതന്ത്രമായി ആക്സസ് ചെയ്യാൻ കഴിയും എന്നതാണ് ഇതിന്റെ ഗുണം.
അനധികൃതമായി താമസിക്കുന്നവർക്കെതിരെ ആപ് വഴി പരാതിയും നടപടിയും സ്വീകരിക്കാനും പുതിയ സംവിധാനം വഴിയൊരുക്കുന്നു. ഇത് പ്രശ്‌നത്തിൽ വേഗത്തിലുള്ള നടപടികൾ സാധ്യമാക്കും. പൊതു സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. താമസ നിയമ ലംഘനങ്ങൾ കണ്ടെത്താൻ പുതിയ സംവിധാനം കൂടുതൽ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ.
റെസിഡൻഷ്യൽ ഡേറ്റ സൂക്ഷ്മപരിശോധനക്കും ഇത് ഗുണം ചെയ്യും. പ്രവാസികൾ താമസ ഇടങ്ങൾ മാറുമ്പോൾ വിലാസം മാറുന്നതടക്കമുള്ള നടപടികളും ഇതുവഴി കൂടുതൽ ശക്തമാകും. താമസം മാറിയിട്ടും വിലാസം അപ്‌ഡേറ്റ് ചെയ്യാത്ത പ്രവാസികളുടെ രേഖകൾ അധികൃതർ പരിശോധിച്ചുവരികയാണ്. ആപ് സ്റ്റോറിൽനിന്നോ ഗൂഗ്ൾ പ്ലേയിൽ നിന്നോ സഹൽ ആപ് ഡൗൺലോഡ് ചെയ്ത് സിവിൽ ഐ.ഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. തുടർന്ന് സേവന വിഭാഗത്തിൽ പോയാൽ റെസിഡന്റ് ഡേറ്റ സർവിസ് കാണാം. ഇവിടെ ഡിജിറ്റൽ പരാതി സംവിധാനം വഴി വീട്ടുടമസ്ഥർക്ക് പരാതി സമർപ്പിക്കാം.