ഷാർജയിൽ പുതിയ കുടുംബ കോടതിക്ക് അംഗീകാരം നൽകി. കുടുംബ ഭദ്രത ശക്തിപ്പെടുത്തുന്നതിനായി ജുഡീഷ്യൽ ഇൻസ്‌പെക്ഷൻ വകുപ്പ് പുതിയ നിയമങ്ങൾ രൂപീകരിക്കും.കുട്ടികൾക്കും സമാനമായ സാഹചര്യങ്ങളിലുള്ള മറ്റുള്ളവർക്കും വേണ്ടിയുള്ള ഫണ്ടുകൾ കൈകാര്യം ചെയ്യാനും സംരക്ഷിക്കാനും പുതിയ സമിതി രൂപീകരിക്കും. ഈ ഫണ്ടുകൾ വിവേകത്തോടെ കൈകാര്യം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഈ സമിതി ഒരു സാമ്പത്തിക പദ്ധതി വികസിപ്പിക്കും. കുട്ടികളുടെ ഏറ്റവും മികച്ച താൽപര്യങ്ങൾക്കാണ് എല്ലായ്‌പ്പോഴും മുൻഗണന നൽകുക. പ്രവർത്തനങ്ങളെക്കുറിച്ച് കൗൺസിലിന് ഈ സമിതി പതിവായി വിവരങ്ങൾ നൽകും.
കൂടാതെ, ജുഡീഷ്യൽ കൗൺസിൽ ബുധനാഴ്ച ഒരു പ്രത്യേക ജീവനാംശ സഹായ ഫണ്ടും പ്രഖ്യാപിച്ചു. ഭർത്താവോ പിതാവോ പോലുള്ള ഉത്തരവാദിത്തപ്പെട്ടയാൾക്ക് നിയമപരമോ സാമ്പത്തികമോ ആയ കാരണങ്ങളാൽ ജീവനാംശം നൽകാൻ കഴിയാത്ത സാഹചര്യങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര സാമ്പത്തിക സഹായം നൽകാനാണ് ഈ ഫണ്ട് ലക്ഷ്യമിടുന്നത്. എമിറേറ്റിലെ കുടുംബങ്ങൾക്ക് മികച്ച പിന്തുണയും നീതിയും നൽകുകയാണ് ലക്ഷ്യം. ഫണ്ടിൽ നിന്ന് നൽകുന്ന പണം പിന്നീട് ജീവനാംശം നൽകേണ്ട വ്യക്തിയിൽ നിന്ന് ഈടാക്കും.
ഷാർജ ഉപഭരണാധികാരിയും ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ബുധനാഴ്ച ചേർന്ന യോഗത്തിൽ അധ്യക്ഷനായിരുന്നു. നിയമവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും കോടതികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും കുടുംബങ്ങൾക്ക് സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള നിലവിലുള്ള ശ്രമങ്ങളുടെ ഭാഗമായി നിരവധി പ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.