ഷാർജ എമിറേറ്റിലെ പ്രത്യേക വാഹന നമ്പർ പ്ലേറ്റുകളുടെ ലേല വിൽപന നിയന്ത്രിക്കാൻ ഷാർജ എക്‌സിക്യുട്ടീവ് കൗൺസിൽ (എസ്ഇസി) പുതിയ തീരുമാനം പുറത്തിറക്കി. ഷാർജ ഉപഭരണാധികാരിയും എസ്ഇസി ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ഭരണാധികാരിയുടെ ഓഫീസിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ഷാർജ ഉപഭരണാധികാരിയും എക്‌സിക്യുട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ സുൽത്താൻ അൽ ഖാസിമിയും യോഗത്തിൽ പങ്കെടുത്തു. തീരുമാനപ്രകാരം, നമ്പർ പ്ലേറ്റുകളുടെ ലേലങ്ങൾക്ക് ഷാർജ പോലീസ് മേൽനോട്ടം വഹിക്കും. വ്യവസ്ഥകളും നിയന്ത്രണങ്ങളും സ്ഥാപിക്കുക, നമ്പർ പ്ലേറ്റുകളുടെ കോഡ് വിഭാഗങ്ങൾ വ്യക്തമാക്കുക, സ്ഥാപനങ്ങളുമായി കരാർ ഒപ്പിടുക എന്നിവയാണ് പോലീസിന്റെ മറ്റുചുമതലകൾ.
സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തതും നിക്ഷേപ ഫണ്ട് രജിസ്റ്ററിൽ ഉള്ളതുമായ ലൈസൻസുള്ള നിക്ഷേപഫണ്ടുകൾക്ക് എമിറേറ്റിൽ റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ സ്വന്തമാക്കുകയും ഉപയോഗിക്കുകയും ചെയ്യാമെന്നും യോഗത്തിൽ പറഞ്ഞു. സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രകടനങ്ങൾ നിരീക്ഷിക്കാനും സർക്കാർ പ്രവർത്തനങ്ങൾ മെച്ചപെടുത്താനും സാമൂഹികസേവന മേഖലകളെ തമ്മിൽ സംയോജിപ്പിക്കാനും സഹായിക്കുന്ന നിയമനിർമാണ ചട്ടക്കൂട് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.