ഷാർജയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിൻറെ രക്ഷിതാക്കൾക്കായി അന്വേഷണം ആരംഭിച്ച് ഷാർജ പൊലീസ്. എമിറേറ്റിലെ അൽ ഖാസിമിയ ഭാഗത്ത് മേയ് ആറിന് രാത്രി 10 ഓടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. മാലിന്യം നീക്കം ചെയ്യാനെത്തിയ മുനിസിപ്പാലിറ്റി ജീവനക്കാരൻ സംശയകരമായ സാഹചര്യത്തിൽ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബേബി സ്‌ട്രോളർ പരിശോധിക്കുകയായിരുന്നു.

അതിനകത്ത് ജീവനുള്ള കുട്ടിയാണെന്ന് അറിഞ്ഞ ഇയാൾ ഉടൻ ഷാർജ പൊലീസിൽ വിവരം അറിയിച്ചു. ആംബുലൻസുമായി സംഭവസ്ഥലത്ത് എത്തിയ പൊലീസ് പരിശോധിച്ചപ്പോഴാണ് ആൺകുഞ്ഞാണെന്ന് മനസ്സിലായത്. കുട്ടിയെ ഉടൻ അൽ ഖാസിമി ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്. കുഞ്ഞിനെ ശിശു സംരക്ഷണ കമ്മിറ്റിക്ക് കൈമാറും മുമ്പ് ആവശ്യമായ എല്ലാ മെഡിക്കൽ ചെക്കപ്പും പൂർത്തിയാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply