വേസ്റ്റ് ബിന്നുകൾക്ക് പുറത്ത് മാലിന്യം നിക്ഷേപിച്ചാൽ 300 ദീനാർ വരെ പിഴ

വേസ്റ്റ് ബിന്നുകൾക്ക് പുറത്ത് മാലിന്യം നിക്ഷേപിച്ചാൽ 300 ദീനാർ വരെ പിഴ ചുമത്താനൊരുങ്ങി വടക്കൻ ഗവർണറേറ്റ്. താമസക്കാർക്കിടയിൽ ഗാർഹിക മാലിന്യങ്ങൾ വീടിന് പുറത്ത് ഉപേക്ഷിക്കുന്ന പ്രവണത വർധിച്ച സാഹചര്യത്തിലാണ് നടപടി. ബിന്നുകളിലിടാത്ത ഇത്തരം മാലിന്യങ്ങൾ അവഗണിക്കണമെന്നാണ് മാലിന്യം ശേഖരിക്കുന്നവരോട് മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്.

മാലിന്യ നിർമാർജനത്തിന് കർശനമായ സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിമുതൽ എല്ലാ ദിവസവും രാത്രി 8 നും 10 നും ഇടയിൽ മാത്രമേ വീടുകളിൽ നിന്നുള്ള മാലിന്യം നിയുക്ത ബിന്നുകളിലോ ശേഖരണ മേഖലകളിലോ നിക്ഷേപിക്കാൻ പാടുള്ളൂ. നിയമങ്ങൾ ലംഘിക്കുന്നവർക്ക് 50 മുതൽ 300 ദീനാർ വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റാംലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വിതരണം ചെയ്ത സർക്കുലറിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

പൊതു ശുചിത്വം മെച്ചപ്പെടുത്തുന്നതിനും മാലിന്യ ശേഖരണം കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് പുതിയ നടപടികളെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അറിയിച്ചു. എന്നാൽ, ബിന്നുകളും കണ്ടെയ്‌നറുകളും വിതരണം ചെയ്തിട്ടുള്ള പ്രദേശങ്ങളിൽ മാത്രമാണ് ഈ നിയമങ്ങൾ ബാധകമെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, കാരണം അവിടെ ബിന്നുകൾ വിതരണം ചെയ്യുന്നത് പദ്ധതികൾ പൂർത്തിയാകുന്നതുവരെ വൈകും.

മാലിന്യ സംസ്‌ക്രണ കമ്പനിയായ ഉർബാസർ-ബഹ്‌റൈനുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി സർക്കുലർ പുറത്തിറക്കിയത്. മാലിന്യ ശേഖരണക്കാർക്ക് അവരുടെ ജോലികൾ എളുപ്പത്തിൽ ചെയ്യാനാകുമെന്ന് ഉറപ്പാക്കാൻ അധികാരികളുമായും മുനിസിപ്പൽ തൊഴിലാളികളുമായും സഹകരിക്കേണ്ടതിന്റെ പ്രാധാന്യവും സർക്കുലർ ഊന്നിപ്പറയുന്നു.

Leave a Reply