വേനൽക്കാല വിനോദ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി സൗദി

വേനൽ കടുത്തതോടെ വേനൽക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി സൗദി. വിനോദ സഞ്ചാരികൾ കൂടുതലായി രാജ്യത്തെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. അസീർ, അൽ ബഹ, ത്വാഇഫ്, ജിദ്ദ എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. നിലവിൽ 2800 ലധികം വിനോദകേന്ദ്രങ്ങളിലെ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.

സൗദിയിലെ തണുപ്പുള്ള പ്രദേശങ്ങൾ തേടി നിരവധി സന്ദർശകർ എത്തുന്ന നേരമാണിത്. ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക, ശുചിത്വ പരിശോധന, ചൂടുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ ഒഴിവാക്കുക, ആവശ്യമായ ലൈസൻസുകൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയുടെ ഭാഗമായാണ് പരിശോധന. നിയമ ലംഘനം നടത്തുന്നവർക്ക് പിഴയും സ്ഥാപനത്തിന് താൽക്കാലികമായോ സ്ഥിരമായോ വിലക്കോ നേരിടേണ്ടി വരും.

തൊണ്ണൂറിലധികം ദിവസം രാജ്യത്ത് ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനലിൽ പൊതു ജനങ്ങൾ പാലിക്കേണ്ട ജാഗ്രത നിർദേശങ്ങൾ നേരത്തെ അധികൃതർ പുറത്തു വിട്ടിരുന്നു. നട്ടുച്ച സമയങ്ങളിലെ യാത്രകൾ ഒഴിവാക്കുക, ആവശ്യത്തിന് വെള്ളം, പഴവർഗ്ഗങ്ങൾ എന്നിവ ഉപയോഗിക്കുക, മുന്തിയ ടയറുകൾ വാഹനങ്ങൾക്ക് ഉറപ്പാക്കുക, ഓയിൽ റേഡിയേറ്റർ എന്നിവ പരിശോധിക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്.

Leave a Reply