വീഡിയോ കോളിലൂടെയുള്ള ആൾമാറാട്ട തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. വിളിക്കുന്നയാളുടെ ഐഡന്റിറ്റി, ഔദ്യോഗിക ചാനലുകൾ വഴി പരിശോധിച്ചുറപ്പിക്കാത്ത പക്ഷം, വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കിടരുതെന്ന് റോയൽ ഒമാൻ പൊലീസ് (ROP) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
പൊലീസ് ഉദ്യോഗസ്ഥരെയും ഗവൺമെന്റ് ജീവനക്കാരെയും അനുകരിച്ച് പലരും വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകൾ വഴി തട്ടിപ്പ് നടത്തുന്നതായി ഒമാൻ പൊലീസ് പറയുന്നു. വ്യാജ ഉപയോക്തൃനാമങ്ങൾ, വ്യാജ ഇമെയിൽ വിലാസങ്ങൾ (omanroyalpolice087@gmail.com പോലുള്ളവ), ഔദ്യോഗിക യൂണിഫോമുകളുടെയോ ഐഡി കാർഡുകളുടെയോ മാറ്റം വരുത്തിയ ചിത്രങ്ങൾ വരെ ഉപയോഗിച്ച് തട്ടിപ്പുകാർ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകൾ വഴി തട്ടിപ്പ് നടത്തുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി.
വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ അഭ്യർത്ഥിച്ചോ ഇല്ലാത്ത നിയമനടപടി സ്വീകരിക്കുമെന്ന് ഇരകളെ ഭീഷണിപ്പെടുത്തിയോയാണ് തട്ടിപ്പുകാർ രംഗത്തെത്തുന്നത്. ബാങ്ക് വിവരങ്ങൾ, ഐഡി നമ്പറുകൾ അല്ലെങ്കിൽ ആക്സസ് കോഡുകൾ പോലുള്ള സെൻസിറ്റീവ് ഡാറ്റ മോഷ്ടിക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ ആവശ്യപ്പെടുന്ന വീഡിയോ കോളുകളും ആശയവിനിമയങ്ങളും സൂക്ഷിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.