ഈവർഷത്തെ ഹജ്ജ് കർമ്മത്തിനായി വിദേശത്തുനിന്നും സൗദിയിൽ പത്ത് ലക്ഷത്തിലധികം ഹജ്ജ് തീർഥാടകരെത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രി അൽ-റബിയ അറിയിച്ചു. ഇതുവരെ എത്തിയ ഹജ്ജ് തീർഥാടകാരിൽ 47% സ്ത്രീകളും 53% പുരുഷന്മാരുമാണെന്നും മന്ത്രി പറഞ്ഞു. ഹജ്ജുമായി ബന്ധപ്പെട്ടു നടത്തിയ വാർത്താസമ്മേളനത്തിലാണ് അൽ-റബിയ ഇക്കാര്യം അറിയയിച്ചത്.ഇതുവരെ തീർഥാടകർക്ക് 1.4 ദശലക്ഷം നുസുക് കാർഡുകൾ നൽകിയിട്ടുണ്ട്. ഹജ്ജ് തീർഥാടകാരിൽ 94% പേർ വിമാനമാർഗവും 4.83% പേർ കര മാർ?ഗവും ഏകദേശം 0.5% പേർ കപ്പൽമാർഗവുമാണ് ഇതുവരെ പുണ്യഭൂമിയിലെത്തിയത്. മക്ക റോഡ്സ് സംരംഭം വഴി 2,49,400 തീർഥാടകർ എത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹജ്ജ് തീർഥാടകർക്കായി സൗദി ഭരണാധികാരികൾ ഒരുക്കിയ വിശാലമായ സൗകര്യങ്ങൾ ദൈവത്തിന്റെ വിശുദ്ധ ഭവനത്തിലേക്കുള്ള തീർഥാടകർക്ക് വലിയ സൗകര്യമാണ് നൽകുന്നത്. ഹാജിമാർക്കായി എല്ലാ സംവിധാനങ്ങളും സുസജ്ജമാണ്.കഴിഞ്ഞ വർഷത്തെ ഹജ്ജ് അവസാനിച്ചതു മുതൽ ഈ വർഷത്തെ ഹജ്ജിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരൻ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ രക്ഷാകർതൃത്വത്തിൽ ലോകമെമ്പാടുമുള്ള 87 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുടെ പങ്കാളിത്തത്തോടെ ഏറ്റവും വലിയ ഹജ്ജ് സമ്മേളനവും പ്രദർശനവും സംഘടിപ്പിച്ചു. നേരത്തെയുള്ള ഹജ്ജ് തയ്യാറെടുപ്പിന്റെ ഭാഗമായി വിവിധ വിദേശ ഹജ്ജ് ഓഫീസുകളുമായി 78 വിപുലമായ തയ്യാറെടുപ്പ് യോഗങ്ങൾ നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹജ്ജ് വിസകൾ നൽകുന്നതിനായി വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ‘നുസുക്’ പ്ലാറ്റ്ഫോം വഴി വിവിധ ഹജ്ജ് സേവന കമ്പനികൾ തമ്മിലുള്ള കരാറുകൾ ഉണ്ടാക്കുവാൻ ഹജ്ജ് പ്രദർശനവും സമ്മേളനവും സഹായിച്ചതായി സൗദി ഹജ്ജ് മന്ത്രി അൽ-റബിയ ചൂണ്ടിക്കാട്ടി.