വാഹനത്തിർ കുട്ടികളെ തനിച്ചാക്കി പോകരുതെന്ന് അബുദാബി പൊലീസ്. യുഎഇയിലെ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്ന പശ്ചാത്തലത്തിലാണു മുന്നറിയിപ്പ്. ഭൂരിഭാഗം പ്രദേശങ്ങളിലും പകൽ സമയത്തെ ശരാശരി താപനില 45 മതുൽ 48 ഡിഗ്രിയാണ്.
വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തുന്നത് അപകടകരമാണ്. വാഹനത്തിലെ ഓക്സിജൻ അളവ് കുറയുകയും സൂര്യാഘാതം, നിർജലീകരണം എന്നിവ കാരണം കുട്ടിയുടെ മരണം വരെയും സംഭവിച്ചേക്കാം. കുട്ടികൾ അബദ്ധവശാൽ സ്വയം ലോക്ക് ചെയ്യുകയോ ഗിയറിൽ കേടുപാടുകൾ വരുത്തുകയോ ചെയ്തേക്കാം. ഇതു കൂടുതൽ അപകടത്തിനു കാരണമാകും.
മുതിർന്നവരുടെ അശ്രദ്ധമൂലം ഒരു കുട്ടിയുടെ ജീവൻ അപകടത്തിലാകുന്നത് യുഎഇയിൽ ക്രിമിനൽ കുറ്റമാണ്. മാതാപിതാക്കൾക്കോ കുട്ടികൾക്കൊപ്പമുണ്ടായിരുന്ന മുതിർന്നവർക്കോ തടവും 5,000 ദിർഹം പിഴയും ശിക്ഷ നേരിടേണ്ടിവരും. കുട്ടികളെ തനിച്ചു വാഹനത്തിൽ കണ്ടെത്തിയാൽ പൊലീസിലോ (999), ആംബുലൻസിലോ (998) ഉടൻ വിവരം അറിയിക്കണമെന്നും അബുദാബി പൊലീസ് അഭ്യർഥിച്ചു.