കുവൈത്തും സൗദി അറേബ്യയും സംയുക്തമായി നടത്തിയ പര്യവേഷണത്തിൽ വൻ എണ്ണ ശേഖരം കണ്ടെത്തി. വഫ്ര എണ്ണപ്പാടത്തിന് അഞ്ചു കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന നോർത്ത് വഫ്ര (വാര-ബർഗൻ) യിലാണ് ഒരു പുതിയ എണ്ണപ്പാടം കണ്ടെത്തിയതെന്ന് ഇരുരാജ്യങ്ങളും സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചു. നോർത്ത് വഫ്ര കിണറിലെ (വാര ബർഗാൻ-1) റിസർവോയറിൽനിന്നുള്ള എണ്ണയുടെ ഒഴുക്ക് പ്രതിദിനം 500 ബാരലിൽ കൂടുതലാണെന്നും കുവൈത്ത് എണ്ണമന്ത്രാലയം വ്യക്തമാക്കി.
2020 മധ്യത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ ഡിവൈഡഡ് സോണിലും ഡിവൈഡഡ് സോണിനോട് ചേർന്നുള്ള ഓഫ്ഷോർ പ്രദേശത്തും ഉൽപ്പാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ കണ്ടെത്തലാണിത്.
ആഗോള എണ്ണ വിതരണക്കാർ എന്ന നിലയിലും പര്യവേക്ഷണ, ഉൽപ്പാദന മേഖലകളിലെ മുൻ നിര രാജ്യങ്ങൾ എന്ന നിലയിലും പുതിയ കണ്ടെത്തൽ കുവൈത്തിനും സൗദി അറേബ്യക്കും ഗുണകരവും പ്രാധാന്യമേറിയതുമാണ്.