എക്‌സ്പോ സിറ്റി ദുബായിൽ ലോകത്തെ ആദ്യത്തെ ഫംഗസ് സംരക്ഷണകേന്ദ്രം ആരംഭിച്ചു. സുസ്ഥിരതാ പവിലിയനായ ടെറയിലാണ് സെന്റർ ഫോർ സ്പീഷീസ് സർവൈവൽ (സിഎസ്എസ്) കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) സ്പീഷീസ് സർവൈവൽ കമ്മിഷനുമായി സഹകരിച്ചാണ് എക്‌സ്പോ സിറ്റിയിൽ പുതിയ സൗകര്യമൊരുക്കിയിരിക്കുന്നത്.
പുതിയകേന്ദ്രം ഫംഗസുകളെ അടിസ്ഥാനമാക്കിയുള്ള ഗ്ലോബൽ റെഡ് ലിസ്റ്റ് തയ്യാറാക്കും. നിലവിൽ ഏകദേശം 1300 ഫംഗസ് സ്പീഷീസുകൾ മാത്രമാണ് റെഡ് ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ലക്ഷക്കണക്കിന് സ്പീഷീസുകൾ ഇനിയും ഉൾപ്പെടുത്താനുണ്ടെന്നാണ് വിവരം. ഗൾഫ് മേഖലയിലെ ഫംഗസുകളെ കണ്ടെത്തുകയും വംശനാശഭീഷണി നേരിടുന്നവയുടെ വിവരങ്ങൾ പട്ടികയിലുൾപ്പെടുത്തുകയും ചെയ്യും. 186 രാജ്യങ്ങളിൽനിന്നായി 11,000-ത്തിലേറെ വിദഗ്ധരുള്ള ഐയുസിഎൻ ഫംഗസ് സ്‌പെഷലിസ്റ്റ് ഗ്രൂപ്പുകൾ ഈ പ്രവർത്തനത്തിൽ സഹകരിക്കും.
കൃഷി, മരുന്ന്, മലിനീകരണനിയന്ത്രണം, ആരോഗ്യസംരക്ഷണം എന്നിവയിൽ ഫംഗസുകളെ എങ്ങനെ ഉപയോഗിക്കാമെന്ന് പരിശോധിക്കും. ഇതിന്റെ ഭാഗമായി ശില്പശാലകൾ, പ്രദർശനങ്ങൾ, സയൻസ് പരിപാടികൾ എന്നിവ സംഘടിപ്പിക്കും.
ഭൂമിയെ സംരക്ഷിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവർത്തനങ്ങളിൽ എക്‌സ്പോ സിറ്റി ദുബായിയും സ്ഥാനംപിടിച്ചതിൽ അഭിമാനിക്കുന്നുവെന്ന് എക്‌സ്പോ സിറ്റി വിദ്യാഭ്യാസ സാംസ്‌കാരിക മേധാവി മർജൻ ഫറൈദൂണി പറഞ്ഞു.