ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ ഖത്തർ എയർവേയ്‌സ്, നേട്ടം ഒൻപതാം തവണ

ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ എന്നതുൾപ്പെടെ സ്‌കൈട്രാക്‌സിന്റെ ഈ വർഷത്തെ 4 പുരസ്‌കാരങ്ങൾ സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്. തുടർച്ചയായ 9-ാം വർഷമാണ് ലോകത്തിലെ മികച്ച എയർലൈനിനുള്ള സ്‌കൈട്രാക്‌സിന്റെ ബഹുമതി ഖത്തർ എയർവേയ്‌സ് നേടുന്നത്. പാരീസിൽ നടക്കുന്ന രാജ്യാന്തര എയർഷോയിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. വ്യോമയാന രംഗത്തെ പ്രധാന പുരസ്‌കാരങ്ങളിലൊന്നാണ് രാജ്യാന്തര വ്യോമഗതാഗത റേറ്റിങ് സംഘടനയായ സ്‌കൈട്രാക്‌സിന്റേത്.

ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ എന്നതിന് പുറമെ 12-ാം തവണയും ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ്, 13-ാം തവണയും മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ, ഏഴാമതും മികച്ച ബിസിനസ് ക്ലാസ് എയർലൈൻ ലോഞ്ച് എന്നീ പുരസ്‌കാരങ്ങളാണ് ഖത്തർ എയർവേയ്‌സ് നേടിയത്. സ്‌കൈട്രാക്‌സ് പഞ്ചനക്ഷത്ര എയർലൈൻ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഖത്തർ എയർവേയ്‌സിന്റെ അൽ മുർജാൻ ലോഞ്ചിനാണ് മികച്ച ബിസിനസ് ക്ലാസ് എയർലൈൻ ലോഞ്ചിനുള്ള പുരസ്‌കാരം ലഭിച്ചത്.

സിംഗപ്പൂർ എയർലൈൻസ് ആണ് ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ എയർലൈൻ. കാത്തി പസഫിക് എയർവേയ്‌സ് മൂന്നാമതും യുഎഇയുടെ എമിറേറ്റ്‌സ് നാലാം സ്ഥാനത്തും എഎൻഎ ഓൾ നിപ്പോൺ എയർവേയ്‌സ് അഞ്ചാം സ്ഥാനത്തുമാണ്. കഴിഞ്ഞ ദിവസം എയർലൈൻ റേറ്റിങ്‌സ് ഡോട് കോമിന്റെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഖത്തർ എയർവേയ്‌സും എമിറേറ്റ്‌സും ഹോങ്കോങ്ങിന്റെ കാത്തി പസഫിക്കും ഇടം നേടിയിരുന്നു. പട്ടികയിൽ ഒന്നാമത് ന്യൂസീലൻഡിന്റെ എയർ ന്യൂസിലൻഡും രണ്ടാമത് ഓസ്‌ട്രേലിയയുടെ ഖ്വാന്റാസുമായിരുന്നു.

Leave a Reply