ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി രണ്ടാം അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനായി ഒമാൻ ബുധനാഴ്ച ഇറങ്ങും. സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടക്കുന്ന കളിയിൽ ലബനാനാണ് എതിരാളികൾ. രാത്രി എട്ടു മണിക്കാണ് മത്സരം. ആദ്യ സൗഹൃദ മത്സരത്തിൽ കരുത്ത് കാട്ടിയതിന്റെ ആത്മ വിശ്വാസവുമായിട്ടാണ് കോച്ച് റഷീദ് ജാബിറിന്റെ കുട്ടികൾ ഇന്ന് ബൂട്ട്‌കെട്ടി ഇറങ്ങുന്നത്.
ആദ്യ മത്സരത്തിൽ നൈജീരിയയെ 4-1ന് ആയിരുന്നു തോൽപ്പിച്ചിരുന്നത്. മുന്നേറ്റവും പ്രതിരോധവും കരുത്ത് കാട്ടിയിരുന്നു. ചില കാര്യങ്ങളിൽ കൂടി ടീം മെച്ചപ്പെടാനുണ്ട് എന്നാണ് കോച്ചിന്റെ വിലയിരുത്തൽ. ഈ അപകാതകൾ പരിഹരിക്കാനുള്ള ശ്രമങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പരിശീലനത്തിൽ ഊന്നിയിരുന്നത്.
മുഴുവൻ താരങ്ങൾക്കും ഇന്നും അവസരം നൽകും. രണ്ട് സൗഹൃദമത്സരങ്ങളിലും മികവുകാട്ടിയ കളിക്കാരെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഉൾപ്പെടുത്തും. അതുകൊണ്ടുതന്നെ യുവ താരങ്ങളെല്ലാം മികച്ച അവസരമായിട്ടാണ് കളിയെ കാണുന്നത്. ഇന്നും എതിരാളികളെ വൻ മാർജിനിൽ പരാജയപ്പെടുത്തി ലോകകപ്പ് യോഗ്യത മത്സരത്തിന് കൂടുതൽ കരുത്തോടെ ഇറങ്ങാനാണ് റെഡ്‌വാരിയേഴ്‌സ് ആലോചിക്കുന്നത്. ജൂൺ അഞ്ചിന് ജോർഡനെതിരെയും പത്തിന് ഫലസ്തീനെതിരെയുമാണ് ഒമാന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ. രണ്ടു കളിയിലും മികച്ച വിജയങ്ങൾ നേടാനായാൽ ലോകകപ്പ് സാധ്യതകൾ മുന്നോട്ടുകൊണ്ടുപേകാൻ ഒമാന് സാധിക്കും.