സൗദി തലസ്ഥാന നഗരത്തിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായി റിയാദ് മെട്രോ (റിയാദ് ട്രെയിൻ) പൂർണമായും പ്രവർത്തന പഥത്തിലെത്തിയ ശേഷം ആദ്യ മൂന്നു മാസം സഞ്ചരിച്ചത് 2.5 കോടി ആളുകൾ. ഈ വർഷത്തെ ആദ്യ പാദത്തിലെ കണക്കാണിത്. സൗദിയിലെ നഗരാധിഷ്ഠിത ട്രെയ്ൻ ശൃംഖലകളുടെ പട്ടികയിൽ ഒന്നാമതെത്തിയതായി ഗതാഗത അതോറിറ്റി (ടി.ജി.എ) പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കി. നഗരങ്ങൾക്കുള്ളിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ട്രെയിനുകളുടെ പട്ടികയിൽ റിയാദ് മെട്രോ ഒന്നാമതാണ്.
അതോറിറ്റിയുടെ ഈ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആദ്യ പാദത്തിൽ രാജ്യത്ത് മൊത്തം 3.23 കോടി യാത്രക്കാർ അർബൻ റെയിൽ സംവിധാനങ്ങൾ ഉപയോഗിച്ചു. റിയാദ് ട്രെയിനിനുശേഷം ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ ഓട്ടോമേറ്റഡ് ട്രെയിനാണ് രണ്ടാം സ്ഥാനത്ത്. ഇതേ കാലയളവിൽ ഈ ട്രെയിനുകളിൽ യാത്ര ചെയ്തവരുടെ എണ്ണം 60 ലക്ഷമാണ്.
റിയാദിലെ അമീറ നൂറ ബിൻത് അബ്ദുറഹ്‌മാൻ സർവകലാശാലയിലെ ഓട്ടോമേറ്റഡ് റെയിൽ സംവിധാനം ഉപയോഗിച്ചവരുടെ എണ്ണം ഒമ്പത് ലക്ഷം കവിഞ്ഞതായും റിപ്പോർട്ടിലുണ്ട്. ഈ വർഷം ആദ്യപാദത്തിൽ സൗദിയിലെ മൊത്തം റെയിൽ ഗതാഗത മേഖല ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായും 3.5 കോടിയിലധികം യാത്രക്കാർ ട്രെയിനിൽ സഞ്ചരിച്ചതായും സൗദി ഗതാഗത അതോറിറ്റി പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

