റാസൽഖോർ വന്യജീവി സങ്കേതം അടച്ചിട്ടു; വികസനപദ്ധതികൾക്കായി 650 ദശലക്ഷം ദിർഹം

വികസനപദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി റാസൽഖോർ വന്യജീവി സങ്കേതം അടച്ചിട്ടു. 650 ദശലക്ഷം ദിർഹം ചെലവ് വരുന്ന പദ്ധതിയുടെ ആദ്യ ഘട്ടം ഉടൻ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട കരാർ നടപടികൾ പൂർത്തിയായി. അടുത്ത വർഷം അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.

ദേശാടനപ്പക്ഷികൾ അധികമായി എത്തുന്ന റാസൽഖോർ വന്യജീവി സങ്കേതം പ്രകൃതിയെ അടുത്തറിയാൻ ലഭിക്കുന്ന ഒരു അവസരമാണ്. ആയിരക്കണക്കിന് പക്ഷികളാണ് ഇവിടുത്തെ തണ്ണീർത്തടങ്ങളിലേക്ക് എത്തുന്നത്. അതിൽ പിങ്ക് ഫ്‌ലമിംഗോകളുടെ കൂട്ടമാണ് കാഴ്ചക്കാരെ ഏറെ ആകർക്കുന്നത്. ഗ്രേ ഹെറോണുകൾ, ബ്ലാക്ക്-വിങ്ഡ് സ്റ്റിൽറ്റുകൾ, ഓസ്‌പ്രെ (മീൻപിടിയൻ പരുന്ത്) തുടങ്ങിയ നിരവധി പക്ഷി വർഗങ്ങളെയും ഇവിടെ സംരക്ഷിക്കുന്നുണ്ട്.പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജലസ്രോതസ്സുകളുടെ അളവ് 144 ശതമാനം വർധിപ്പിക്കുന്നതോടെ ആകെ വിസ്തീർണം 74 ഹെക്ടറായി മാറും. പക്ഷികൾക്ക് ഭക്ഷണം തേടുന്നതിനും സമുദ്ര-സസ്യ ജീവജാലങ്ങളുടെ സംരക്ഷണത്തിനും അനുയോജ്യമായ ചെളിപാടങ്ങൾ (ഉപ്പ് പാടങ്ങൾ) 10 ഹെക്ടർ ആയി വർധിപ്പിക്കും.

രണ്ടാം ഘട്ടത്തിൽ, കൂടുതൽ വന്യജീവികളെ ആകർഷിക്കുന്നതിനായി സ്വാഭാവിക സസ്യങ്ങൾ നട്ടുപിടിപ്പിച്ച് ആവാസവ്യവസ്ഥ മെച്ചപ്പെടുത്തും.സന്ദർശകർക്കുള്ള സൗകര്യങ്ങളും വർധിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. പക്ഷികളെ അടുത്ത് നീരീക്ഷിക്കാൻ കഴിയുന്ന കൂടുതൽ ഇടങ്ങൾ ഒരുക്കിയും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുമാണ് നീക്കം. കൂടുതൽ വിദേശ സഞ്ചാരികളെ ഇതിലൂടെ ആകർഷിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.ഈ പദ്ധതിയിലൂടെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് 60 ശതമാനം കുറയ്ക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.

Leave a Reply