റാസൽഖൈമ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ നിർമിക്കും

റാസൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ടെർമിനൽ വരുന്നു. നവീന സംവിധാനങ്ങൾ സജ്ജീകരിച്ച് 30,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ടെർമിനൽ നിർമിക്കുക. യു.എ.ഇയിലെ സുപ്രധാന വ്യോമയാന-വിനോദ കേന്ദ്രമായി റാസൽഖൈമയുടെ സ്ഥാനം ഉറപ്പിക്കുകയെന്ന പ്രഖ്യാപിത നയത്തിലൂന്നിയായിരിക്കും പുതിയ ടെർമിനലിൻറെ നിർമാണമെന്ന് സിവിൽ ഏവിയേഷൻ വകുപ്പ്- റാക് എയർപോർട്ട് ചെയർമാൻ എൻജിനീയർ ശൈഖ് സാലിം ബിൻ സുൽത്താൻ അൽ ഖാസിമി അഭിപ്രായപ്പെട്ടു. നിലവിൽ അയ്യായിരത്തിൽ താഴെ ചതുരശ്ര വിസ്തൃതിയുള്ള ഓരോ ആഗമന-പുറപ്പെടൽ ടെർമിനലുകളാണ് റാക് വിമാനത്താവളത്തിലുള്ളത്.

കസ്റ്റംസ്, പൊലീസ്, പാസ്‌പോർട്ട് നിയന്ത്രണ സേവനങ്ങൾ മികച്ച രീതിയിൽ പുതിയ ടെർമിനലിൽ യാത്രക്കാർക്ക് ലഭിക്കും. ഇലക്ട്രോണിക് ഗേറ്റുകൾക്ക് പുറമെ ബഗേജുകൾ കൈകാര്യം ചെയ്യുന്നതിന് നൂതന സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾക്കൊപ്പം അൽ മർജാൻ ഐലൻറ് കേന്ദ്രീകരിച്ച് നടക്കുന്ന പുതിയ റിസോർട്ട്-ഹോട്ടൽ നിർമാണ പ്രവൃത്തികൾ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനുതകുന്നതാണ് വിമാനത്താവള വികസന പദ്ധതികൾ. 2028ഓടെ ടെർമിനലിൻറെ നിർമാണം സമ്പൂർണമായി പൂർത്തീകരിക്കും. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകൾ, ഊർജ സംരക്ഷണത്തിനുതകുന്ന എൽ.ഇ.ഡി ലൈറ്റിങ്, ജിയോതെർമൽ ഹീറ്റ് പമ്പുകൾ, ജല പുനരുപയോഗ സംവിധാനങ്ങൾ തുടങ്ങിയവ പുതിയ ടെർമിനലിൽ ഉൾപ്പെടുത്തും. ഇതോടെ ഡെയ്‌നാസിൻറെ തെർമോ ഡൈനാമിക് ഊർജ കാര്യക്ഷമത പിന്തുടരുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ ടെർമിനലായി ഇത് മാറും.

യാത്രാ സേവനത്തിനൊപ്പം തന്നെ ചരക്ക് നീക്കത്തിനും റാസൽഖൈമ വിമാനത്താവളത്തിൽ വിപുല സൗകര്യങ്ങളുണ്ട്. പുതിയ സ്വകാര്യ എയർ കാർഗോ ഓപറേറ്റർ റാക് വിമാനത്താവളത്തെ അതിൻറെ പ്രാദേശിക കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുണ്ട്. മരുന്നുകൾ, കന്നുകാലികൾ ഉൾപ്പെടെയുള്ള കയറ്റിറക്കുമതികൾ ഇതുവഴി നടക്കുന്നു. വർധിച്ചുവരുന്ന സന്ദർശകരുടെയും സ്വകാര്യ ജെറ്റ് ഓപറേറ്റർമാരുടെയും ആവശ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക ഹാംഗറുകളും വിമാന പാർക്കിങ് ഏരിയകളും ഉൾപ്പെടുന്ന സ്വകാര്യ ഏവിയേഷൻ ടെർമിനലുകൾ സ്ഥാപിക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. പ്രമുഖ പങ്കാളിയെ ഉൾപ്പെടുത്തി വിമാന പരിപാലന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും പുരോഗമിക്കുന്നു.

ഈ വർഷം ആദ്യ പാദത്തിൽ 332,280 യാത്രികരാണ് റാസൽഖൈമ വിമാനത്താവളം ഉപയോഗപ്പെടുത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർധന. വരും വർഷങ്ങളിൽ മൂന്ന് ദശലക്ഷം സന്ദർശകരെ സ്വീകരിക്കാനാണ് റാക് വിമാനത്താവളം ലക്ഷ്യമിടുന്നത്. എയർ അറേബ്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുൾപ്പെടെ നിരവധി കാരിയറുകളുടെ ആസ്ഥാനമാണ് റാക് എയർപോർട്ട്. ഇന്ത്യ, കൈറോ, ജിദ്ദ, പാകിസ്താൻ, മോസ്‌കോ, പ്രാഗ് തുടങ്ങിയയിടങ്ങളിലേക്ക് റാസൽഖൈമയിൽ നിന്ന് സർവിസുകളുണ്ട്. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള സർവിസുകളും റാസൽഖൈമയിൽനിന്നുണ്ട്.

Leave a Reply