റാസൽഖൈമയിൽ തടവുകാർക്ക് ലൈബ്രറിയും കൗൺസലിങ് സേവനവും

ജയിലിൽ കഴിയുന്നവർക്ക് വായന, കൗൺസലിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുന്ന കറക്ഷണൽ സോഷ്യൽ ആൻഡ് എജുക്കേഷനൽ ക്ലബ് ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം. തടവുകാർക്കായി തുറന്ന യു.എ.ഇയിലെ ആദ്യ കറക്ഷണൽ ക്ലബിൽ 6,800 വിഷയങ്ങൾ പ്രതിപാദിക്കുന്ന 9,000 പുസ്തകങ്ങളുള്ള ലൈബ്രറിയും ഉൾപ്പെടുന്നതായി അധികൃതർ വ്യക്തമാക്കി. ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി ഫൗണ്ടേഷൻ ഫോർ പോളിസി റിസർച്ച് റാക് പൊലീസുമായി സഹകരിച്ചാണ് ക്ലബ് ആരംഭിച്ചത്. ക്ലബിന്റെ ഉദ്ഘാടനം ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ഉംറാൻ നിർവഹിച്ചു.

കുറ്റകൃത്യങ്ങളിലകപ്പെടുന്നവരെ ശിക്ഷ കാലയളവ് കഴിയുന്നതോടെ കുടുംബത്തിനും സമൂഹത്തിനും വേണ്ടപ്പെട്ടവരാക്കി മാറ്റിയെടുക്കുകയെന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. തടവുകാരുടെ സമഗ്രമായ വികാസത്തിനാണ് വിദ്യാഭ്യാസം, മനഃശാസ്ത്ര കൗൺസലിങ്, ആധുനിക ലൈബ്രറി എന്നീ സൗകര്യങ്ങൾ നൽകുന്നത്.

ഇതിലൂടെ അറിവ്, കഴിവുകൾ, മാനസികാരോഗ്യ പിന്തുണ എന്നിവ നൽകി ശാക്തീകരിക്കാനും, അതുവഴി സമൂഹത്തിലേക്കുള്ള പുനസംയോജനത്തിനും സഹായിക്കും. പഠനത്തെയും സാമൂഹിക വികസനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന ക്ലബിൽ വിദൂര വിദ്യാഭ്യാസം, പഠനമേഖലകൾ, ഗ്രൂപ് ചർച്ച എന്നിവക്കായി ഇന്റർനെറ്റുമായി ബന്ധിപ്പിച്ച കമ്പ്യൂട്ടറുകളുള്ള പരിശീലന ഹാളും ഉൾപ്പെടും. പുനരധിവാസ പ്രക്രിയയുടെ ഭാഗമായി വ്യക്തിതലത്തിലും കൂട്ടമായും സൈക്കോളജിക്കൽ കൗൺസലിങ് നടത്താനായി രഹസ്യസ്വഭാവത്തിലുള്ള കൺസൽറ്റേഷൻ റൂം ക്രമീകരണവും ക്ലബിന്റെ ഭാഗമാണ്.

ഫൗണ്ടേഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ നടാഷ റിഡ്ജ്, റാക് പൊലീസ് ഓപറേഷൻസ് ഡയറക്ടർ ബ്രി. താരീഖ് മുഹമ്മദ് ബിൻ സൈഫ്, റാക് കറക്ഷണൽ ആൻഡ് റീഹാബിലിറ്റേഷൻ ഫെസിലിറ്റി ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല മുഹമ്മദ് അൽ ഹെയ്മർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply