യുഎസ് പ്രസിഡന്റ് ഡൊണൽഡ് ട്രംപ് ഇന്ന് യു.എ.ഇയിൽ

യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിൻറെ യു.എ.ഇ സന്ദർശനം ഇന്ന്. സൗദി അറേബ്യ, ഖത്തർ എന്നിവക്ക് ശേഷമാണ് ട്രംപ് അബൂദബിയിലെത്തുന്നത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനുമായി കൂടിക്കാഴ്ചയും വിവിധ മേഖലകളിൽ യു.എ.ഇ-യു.എസ് സഹകരണത്തിനുള്ള പ്രഖ്യാപനവും സന്ദർശനത്തിൻറെ ഭാഗമായുണ്ടാകും. പ്രധാനമായും നിർമിത ബുദ്ധി അടക്കമുള്ള നൂതന സാങ്കേതികവിദ്യകളിൽ പരസ്പരം സഹകരിക്കാനുള്ള കരാറുകളാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ ബുധനാഴ്ച സൗദി തലസ്ഥാനമായ റിയാദിൽ നടന്ന ഗൾഫ്-യു.എസ് ഉച്ചകോടിയിൽ യു.എ.ഇ പ്രസിഡൻറിനെ പ്രതിനിധീകരിച്ച് അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്‌യാൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി. വിവിധ ഗൾഫ് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ പങ്കെടുത്ത ഉച്ചകോടിയിൽ യു.എസും ഗൾഫ് രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് നടന്നത്.

അതോടൊപ്പം, മേഖലയിലെയും അന്തർദേശീയ തലത്തിലെയും സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും മേഖലയിൽ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള വഴികൾ സംബന്ധിച്ചും ഉച്ചകോടി ചർച്ച ചെയ്തു. നിലവിലെ ആഗോള, പ്രാദേശിക വെല്ലുവിളികളുടെ വെളിച്ചത്തിൽ, പ്രാദേശികവും ആഗോളവുമായ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് ഫലപ്രദമായ സഹകരണവും സംയുക്ത നടപടിയും ആവശ്യമാണെന്ന് ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്‌യാൻ ഉച്ചകോടിയിൽ ആവശ്യപ്പെട്ടു.

സിറിയക്കെതിരായ ഉപരോധം പിൻവലിക്കുമെന്ന ഡോണൾഡ് ട്രംപിൻറെ പ്രഖ്യാപനത്തെ യു.എ.ഇ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തിട്ടുണ്ട്. സൗദി സന്ദർശനത്തിനിടെയാണ് യു.എസ് പ്രസിഡൻറ് നിർണായക പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച സൗദിയിലെത്തിയ ട്രംപ് ബുധനാഴ്ച ആരംഭിച്ച ഖത്തർ സന്ദർശനത്തിന് ശേഷമാണ് യു.എ.ഇയിലെത്തുന്നത്.

Leave a Reply