യുഎഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് യുനെസ്കോയുടെ ആദരം.

അറബിക് ചരിത്രകൃതികളുടെ പരമ്പര യുനെസ്കോ ലൈബ്രറിയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തുന്നതിനായി ഇടപെട്ടതിനാണ് ശൈഖ് സുൽത്താനെ ആദരിച്ചത്. പാരീസിലെ യുനെസ്കോ ആസ്ഥാനത്തുനടന്ന ചടങ്ങിലായിരുന്നു ആദരം. അറബിക് ഭാഷയുടെ നൂറ്റാണ്ടുകളായുള്ള വളർച്ചയും വാക്കുകളുടെ അർഥങ്ങളും വിശദമാക്കുന്ന 127 വാല്യങ്ങളുള്ള അറബിക് വിജ്ഞാന കോശമാണ് ശൈഖ് സുൽത്താൻ മുൻകൈയെടുത്ത് പ്രസിദ്ധീകരിച്ചത്.

അറബിക് ഭാഷാ പൈതൃകത്തിനും അറിവിനും ഇടയിലുള്ള പാലം എന്ന പ്രമേയത്തിലായിരുന്നു ആദരിക്കൽച്ചടങ്ങ് സംഘടിപ്പിച്ചത്. ഷാർജാ ഭരണാധികാരിയുടെ ഭാര്യയും സുപ്രീംകൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സ് ചെയർപേഴ്‌സണുമായ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി, ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി തുടങ്ങിയവരും സന്നിഹിതരായി.

യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ, ഫ്രാൻസിലെ യുഎഇ അംബാസഡർ ഫഹദ് സയീദ് അൽ റക്‌ബാനി തുടങ്ങിയവർചേർന്ന് ശൈഖ് സുൽത്താനെ സ്വീകരിച്ചു.

ഷാർജ ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഒവൈസ്, അൽ ഖാസിമിയ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ജമാൽ സലിം അൽ തുറൈഫി, ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അംറി, യുഎഇയുടെ യുനെസ്കോ സ്ഥിരം പ്രതിനിധി അംബാസഡർ അലി അൽ ഹാജി അൽ അലി, ഷാർജ ബ്രോഡ്‌കാസ്റ്റിങ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ഹസൻ ഖലഫ്, ഷാർജ ഗവൺമെന്റ് മീഡിയാ ബ്യൂറോ ഡയറക്ടർ ജനറൽ താരിഖ് സയീദ് അലൈ, യുനെസ്കോയുടെ അറബ് രാജ്യങ്ങളിലെ അംബാസഡർമാർ, സ്ഥിരംപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

പരസ്പര സഹകരണവും സൗഹൃദവും പ്രോത്സാഹിപ്പിക്കുന്നതിന് യുനെസ്കോ നടത്തുന്ന സാംസ്കാരിക ഇടപെടലുകളെ ശൈഖ് സുൽത്താൻ അഭിനന്ദിച്ചു. നൂറ്റാണ്ടുകളായി അറബ് ജനതയുടെ പൈതൃകമുൾക്കൊണ്ട് മുന്നോട്ടുപോകുന്ന അറബിക് ഭാഷ മാനുഷികതയെയാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply