യുഎഇയിലെ സ്വദേശിവത്കരണം ജൂൺ 30 ഓടെ പൂർത്തിയാക്കണം

യുഎഇയിലെ 50ലേറെ ജീവനക്കാരുള്ള സ്വകാര്യമേഖലയിലെ കമ്പനികൾ ഈ വർഷം ആദ്യ പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യം ജൂൺ 30നകം കൈവരിക്കണമെന്ന് മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ആവശ്യപ്പെട്ടു. നൈപുണ്യം ആവശ്യമുള്ള മേഖലകളിൽ 2026ഓടെ 10 ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായി ഓരോ വർഷവും രണ്ടു ശതമാനം വീതമാണ് നിയമനം നടത്തേണ്ടത്. വർഷത്തിൻറെ ആദ്യപകുതിയിൽ ഒരു ശതമാനവും രണ്ടാം പകുതിയിൽ ബാക്കിയും നിയമിക്കുകയാണ് വേണ്ടത്. 2025ൻറെ ആദ്യ പകുതിയിലെ ലക്ഷ്യം ജൂൺ 30ന് മുമ്പ് പൂർത്തിയായില്ലെങ്കിൽ പിഴ ചുമത്തപ്പെടുമെന്നാണ് മന്ത്രാലയം പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കമ്പനികൾ നിയമം പാലിച്ചിട്ടുണ്ടോയെന്ന് ജൂലൈ 1 മുതൽ മന്ത്രാലയം പരിശോധിക്കും. ഇതിൽ നിയമം പാലിച്ചില്ലെന്ന് കണ്ടെത്തിയാൽ പിഴ ചുമത്തപ്പെടും. സ്വദേശിവത്കരണ ലക്ഷ്യം പാലിക്കുന്നതിനൊപ്പം, ഇമാറാത്തി ജീവനക്കാരെ അംഗീകൃത സാമൂഹിക സുരക്ഷാ ഫണ്ടിൽ രജിസ്റ്റർ ചെയ്യുക, എല്ലാ സംഭാവനകളും സ്ഥിരമായി അടക്കുക തുടങ്ങിയ അനുബന്ധ കാര്യങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധനയിൽ ഉൾപ്പെടും. 2023ലെ കാബിനറ്റ് തീരുമാനമനുസരിച്ച് നിയമിക്കാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 7000 ദിർഹം നിരക്കിൽ ആറുമാസത്തേക്ക് 42000 ദിർഹം പിഴ ചുമത്തും. ഏപ്രിൽ അവസാനംവരെയുള്ള കണക്കനുസരിച്ച് യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1,36,000 ആയിട്ടുണ്ട്.

28000 കമ്പനികളിലായാണ് ഇത്രയും ഇമാറാത്തികളെ നിയമിച്ചിട്ടുള്ളത്. എമിറേറ്റൈസേഷൻ നയങ്ങൾ നടപ്പിലാക്കുന്നതിലുള്ള സ്വകാര്യമേഖലയുടെ ശ്രദ്ധയെയും ആവശ്യമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയെയും മന്ത്രാലയം നാഷനൽ ടാലന്റ്സ് അസി. അണ്ടർ സെക്രട്ടറി ഫരീദ അൽ അലി പ്രസ്താവനയിൽ അഭിനന്ദിച്ചു. കഴിഞ്ഞ വർഷം മുതൽ 20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെയെങ്കിലും നിയമിച്ചിരിക്കണമെന്ന തീരുമാനവും നടപ്പിലാക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ 2025ൽ മറ്റൊരു സ്വദേശിയെക്കൂടി നിയമിക്കണം. അതുവഴി രണ്ടുവർഷത്തിനകം രണ്ട് ഇമറാത്തികളെയെങ്കിലും ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിയമിക്കപ്പെടും. സുപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന മേഖലകൾക്കാണ് ഇത് ബാധകമാവുക. ഐ.ടി, ധനകാര്യം, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ആരോഗ്യം, കല-വിനോദം, ഖനനം, നിർമാണം തുടങ്ങിയ മേഖലകളെല്ലാം ഇതിൽ ഉൾപ്പെടും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply